കട്ടപ്പന: മരത്തിൽ നിന്ന് കാൽ വഴുതി വീണ് തോട്ടി നെഞ്ചിൽ തുളഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. അയ്യപ്പൻകോവിൽ പൊന്നരത്താൻപരപ്പ് വേങ്ങത്താനത്ത് റെജി ജോസാ(49) ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വളകോട് മാഹിയിലുള്ള പുരയിടത്തിലാണ് അപകടം. പ്ലസ്ടു വിദ്യാർത്ഥിയായ മകൻ ജോസ്റ്റിനോടൊപ്പം രാവിലെ മുതൽ കൃഷിപ്പണി ചെയ്യുകയായിരുന്നു. ഏലം കൃഷിക്ക് തണൽ ക്രമീകരിക്കുന്നതിനായി മരച്ചില്ലകൾ മുറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇതിനിടെ തോട്ടിയുടെ മൂർച്ചയുള്ള ഭാഗം നെഞ്ചിൽ തുളഞ്ഞുകയറി ആഴത്തിൽ മുറിവേറ്റു. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഉപ്പുതറ സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരപ്പ് സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന റെജി 3 വർഷം മുമ്പാണ് പൂർണമായും കൃഷിയിലേക്ക് മാറിയത്. സംസ്‌കാരം ഇന്ന് 2ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: സുനി മുണ്ടിയെരുമ പാണത്താക്കൽ കുടുംബാംഗം. മകൾ: ജോസ്‌ന.