aleena

കറുകച്ചാൽ: വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കി പത്താം ക്ലാസ് വിദ്യാർത്ഥിനി അലീന ഷെറിൻ ഫിലിപ്പ്. ഫോട്ടോ പകർത്തിയതിനു സമാനമാണ് അലീനയുടെ ചിത്രങ്ങൾ. വാട്ടർ കളർ, പെൻസിൽ,കളർ പെൻസിൽ, അക്രലിക്, ഓയിൽ പെയിൻറിംഗ്, ഫാബ്രിക് പെയിൻറിംഗ്, വോൾ പെയിന്റിംഗ് തുടങ്ങിയവയാണ് അലീനയുടെ ചിത്രരചനാ രീതികൾ. എൽ.കെ.ജിയിൽ പഠിക്കുമ്പോൾ മുതൽ ചിത്രരചനയോട് താല്പര്യം ഉണ്ടായിരുന്നു. പഠനകാലയളവിൽ സ്‌കൂൾ തലം, ജില്ലാതലം, സംസ്ഥാനതലം മത്സരങ്ങളിൽ വിജയം കരസ്ഥമാക്കുകയും ചെയ്തു. ഫ്‌ളവർ ഷോ, ഖാദി ബോർഡ് തുടങ്ങി ഓർഗനൈസേഷനുകൾ സംഘടിപ്പിച്ച ചിത്രരചനാമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ കാലം മുതലാണ് കൂടുതൽ വരച്ചുതുടങ്ങിയത്. 1500ഓളം ചിത്രങ്ങൾ ഇതിനോടകം വരച്ചു കഴിഞ്ഞു. കൊവിഡ്, പ്രളയം തുടങ്ങി നിരവധി വിഷയങ്ങളും സമകാലിക വിഷയങ്ങളും ആധാരമാക്കിയും ചിത്രങ്ങൾ വരച്ചു. ലണ്ടനിലെ ബിഗ്‌ബെൻ ടവർ, മാർപാപ്പ, പാമ്പാടി രാജൻ, ട്രെയിൻ, അടുക്കളയിൽ പാചകം ചെയ്യുന്ന വീട്ടമ്മ തുടങ്ങി അലീനയുടെ ചിത്രങ്ങൾ ഇതിനോടകം പ്രസിദ്ധി നേടി. സോഷ്യൽ മീഡിയകളായ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ ഗ്രാം തുടങ്ങിയവ മുഖേനയാണ് ചിത്രങ്ങൾ പ്രസിദ്ധി നേടിയത്. നിരവധിപ്പേർ ചിത്രങ്ങൾ വരച്ച് നൽകാൻ ആവശ്യപ്പെടുന്നുമുണ്ട്. രാജേഷ് മണിമല,സോമൻ കടയനിക്കാട്, ആഷിഖ് അലി ഖാൻ എന്നിവരിൽ നിന്നാണ് ചിത്രരചനയുടെ ആദ്യബാലപാഠങ്ങൾ പഠിച്ചത്. ക്ലിൻറന്റെ ചിത്രം വരച്ചതിന് അന്താരാഷ്ട്ര ബെസ്റ്റ് ആർട്ട് അവാർഡ് ലഭിച്ചു. ലണ്ടൻ ബിഗ്‌ബെൻ ടവർ, മാർപാപ്പ എന്നീ ചിത്രങ്ങൾ പെൻസിൽ,പേന എന്നിവ ഉപയോഗിച്ച് മാത്രമാണ് വരച്ച് പൂർത്തിയാക്കിയത്. മാർപാപ്പയുടെ ഫോട്ടോ റോമിൽ എത്തി നേരിട്ട് കൊടുക്കണമെന്നതും സ്വന്തമായി ഒരു എക്‌സിബിഷൻ അവതരിപ്പിക്കണമെന്നതുമാണ് അലീനയുടെ ആഗ്രഹം. കാർട്ടൂൺ ചിത്രങ്ങൾ, ത്രീഡി പ്രിന്റിംഗ്, അനിമേഷൻ എന്നിവ ചെയ്യണമെന്നും ക്ഷേത്രകലാമാതൃകയിൽ സ്റ്റോൺ കാർവിംഗ് ചെയ്യണമെന്നതുമാണ്. അടുത്ത ലക്ഷ്യം. കലാ അക്കാഡമിയിൽ ചേർന്ന് ഉപരിപഠനം നടത്താനാണ് ആഗ്രഹം. വെള്ളാവൂർ ചെല്ലാക്കുന്ന് പരത്തമല റെജി ഫിലിപ്പ് റൈനി കുര്യൻ എന്നിവരാണ് അലീനയുടെ മാതാപിതാക്കൾ. സഹോദരങ്ങൾ: അനു ഷാലറ്റ് ഫിലിപ്പ്, മരിയ ഷോൺ ഫിലിപ്പ്.

ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ച് നൽകാറുണ്ട്.വാലന്റൈൻസ്‌ ഡേ സ്‌പെഷ്യലായി കാർഡുകൾ വരച്ച് തയ്യാറാക്കി നൽകിയിരുന്നു. ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചിത്രങ്ങൾക്കായി വിളിച്ചിരുന്നു

അലീന