ഗാന്ധിനഗർ : എസ്.എൻ.ഡി.പിയോഗം 3001-ാം നമ്പർ മുടിയൂർക്കര ശാഖ ഗുരുമന്ദിരത്തിൽ മോഷണ ശ്രമം. കഴിഞ്ഞ രാത്രിയിൽ ഗുരുമന്ദിരത്തിൽ പ്രവേശിച്ച മോഷ്ടാവ് കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചു. ശ്രമം വിഫലമായതിനെ തുടർന്ന് കമ്പിപ്പാരയും കമ്പിയും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ഇന്നലെ രാവിലെ നടതുറന്നപ്പോൾ തൊഴാനെത്തിയ യുവാവാണ് കമ്പിയും മറ്റും ശ്രദ്ധിച്ചത്. തുടർന്ന് ശാഖാ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നെന്ന് സെക്രട്ടറി കെ.എൻ.സുരേഷ് കുമാർ പറഞ്ഞു. ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എത്രയും വേഗം മോഷ്ടാവിനെ അറസ്റ്റ് ചെയ്യണമെന്ന് ശാഖാ,​ വനിതാ സംഘം,​ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.