esi

ചങ്ങനാശേരി: തകർന്നുവീഴാം ഏത് നിമിഷവും.. ഒരു മഴ പെയ്താൽ ആശങ്കയാണ്. ടാർപ്പോളിൻ വിരിച്ച സചിവോത്തമപുരം ഇ.എസ്.ഐ ഡിസ്‌പെൻസറി കണ്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും. മഴ പെയ്താൽ കുട പിടിക്കണമെന്ന അവസ്ഥ.

മേൽക്കൂര തകർന്ന കെട്ടിൽ ആശങ്കയോടെയാണ് ജീവനക്കാരും ഇവിടെയെത്തുന്ന രോഗികളും ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. കുറിച്ചി ഔട്ട് പോസ്റ്റ് നീലംപേരൂർ സർക്കാർ എൽ.പി.സ്കൂളിന് സമീപത്താണ് സചിവോത്തമപുരം ഇ.എസ്.ഐ ഡിസ്‌പെൻസറി പ്രവർത്തിക്കുന്നത്. പഴയ ബാങ്ക് കെട്ടിടമാണ് ഇതെന്ന് ഡിസ്‌പെൻസറിയിലെ ജീവനക്കാർ പറയുന്നു. രോഗവ്യാപനകാലമായതിനാൽ പടിഞ്ഞാറാൻ ഭാഗത്തുനിന്നുള്ള നിരവധി പേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. കാട് പിടിച്ചു കിടന്നിരുന്ന ആശുപത്രിയുടെ മുൻഭാഗം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് വൃത്തിയാക്കിയത്.

രണ്ടുമാസം മുൻപ് മേൽക്കൂരയുടെ ഒരു ഭാഗം പൊളിഞ്ഞുവീണിരുന്നു. ആശുപത്രിയിൽ രോഗികളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മഴക്കാലമായാൽ ഫാർമസിയും ഡോക്ടറുടെ മുറിയും ഓഫീസും ഒഴികെയുള്ള എല്ലാഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. ഇ.എസ്.ഐ പരിരക്ഷയുള്ള 4500 ആളുകൾ, അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇരുപത്തിഅയ്യായിരം പേരാണ് സചിവോത്തമപുരം ഇ.എസ്.ഐ ഡിസ്‌പെൻസറിയുടെ പരിധിയിലുള്ളത്. ഒരു ദിവസം 80 മുതൽ 100 വരെ ആളുകളാണ് ഒ.പിയിൽ എത്തുന്നത്. എട്ടുമുതൽ ഒന്നു വരെയാണ് പ്രവർത്തനസമയം. കുറിച്ചി സി.എച്ച്.സി. മുതൽ തുരുത്തിക്കവല വരെയും, നീലംപേരൂർ മുതൽ സചിവോത്തമപുരം കോളനി വരെയുമാണ് പ്രവർത്തന പരിധി.

എന്നുയരും പുതിയ കെട്ടിടം

ഇ.എസ്.ഐ ഡിസ്‌പെൻസറി മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വകുപ്പ് മേലധികാരിൾക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുവർഷം മുൻപ് കെട്ടിടത്തിൽ സുരക്ഷാപരിശോധനയും നടത്തിയിരുന്നു. ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് റീജിയണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം മറ്റ് കെട്ടിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ലോക്ക് ഡോണിനെ തുടർന്ന് നടപടികൾ വൈകുകയാണ്.