കുമരകം: പാലമുണ്ട്, പക്ഷേ അപ്റോച്ച് റോഡില്ല. പിന്നെ പാലകൊണ്ട് എന്ത് പ്രയോജനമെന്ന് നാട്ടുകാരും.
കുമരകത്തെ തിരുവാർപ്പുമായി ബന്ധിപ്പിക്കുന്ന മൂലയിൽ പാലത്തിന് അപ്റോച്ച് റോഡ് നിർമ്മിക്കണെമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. കുമരകം പഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ കൊല്ലകേരിയുടെ തെക്കു കിഴക്കേ മൂലയിൽ പാറേക്കാട്ടേയ്ക്ക് നിർമ്മിച്ചതാണ് മൂലയിൽ പാലം. അപ്റോച്ച് റോഡില്ലാത്തതിനാൽ നിലവിൽ പാലം ഉപയോഗശൂന്യമാണ്. ജില്ലാ പഞ്ചായത്തിന്റെ 2018 - ലെ പദ്ധതിയിൽപ്പെടുത്തി കാർഷിക മേഖലയ്ക്കായി 32 ലക്ഷം രൂപാ ചിലവഴിച്ച് നിലമ്മിച്ചതാണ് പാലം. അപ്റോച്ച് റോഡ് നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപാ കൂടി അനുവദിച്ചിരുന്നു. എന്നാൽ പാലത്തിന്റെ പടിഞ്ഞാറു വശത്തു മാത്രമാണ് അപ്റോച്ച് റോഡ് നിർമ്മിച്ചത്. ഈ അപ്റോച്ചു റോഡിന് വീതി കൂട്ടേണ്ടിവന്നതിനാൽ തുക തികയാതെ വന്നു എന്നാണ് കരാറുകാരന്റെ വിശദീകരണം. മുൻജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹനന്റെ ഇടപെടലിനെ തുടർന്നാണ് പാലം അനുവദിച്ചത്.
ലാഭിക്കാം, 5 കിലോമീറ്റർ
കിഴക്കുവശത്ത് അപ്റോച്ച് റോഡ് നിർമ്മിക്കുകയും 600 മീറ്റർ കൂടി മാത്രം റോഡ് പൂർത്തിയാക്കുക കൂടി ചെയ്താൽ തിരുവാർപ്പിൽ നിന്നും കുമരകം മാർക്കറ്റിൽ എത്താനും കുമരകം നിവാസികൾക്ക് തിരുവാർപ്പ് വഴി കോട്ടയത്ത് എത്താനും അഞ്ചു കിലോമീറ്ററിലധികം ദൂരം ലാഭിക്കാം. തിരുവാർപ്പിൽ നിന്നു കണ്ണാടിച്ചാൽ വഴിയിലുടേയും പാണ്ഡൻ ബസാറിലൂടേയും കുമരകത്ത് എത്താനും കഴിയും.