milk

കോട്ടയം : കൊവിഡിന്റെ രണ്ടാംഘട്ടത്തിൽ ആദ്യമൊന്ന് പകച്ചെങ്കിലും അതിജീവനത്തിന്റെ പാതയിലാണ് ജില്ലയിലെ ക്ഷീരമേഖല. പശുക്കളുടെ പരിപാലനവും പാൽവിപണനവും സുഗമമാകാനുള്ള ക്ഷീരവികസന വകുപ്പിന്റെ ഇടപെടലുകൾ ഫലംകാണുകയാണ്. ജില്ലയിൽ പാലുത്പാദനം വർദ്ധിച്ചതോടെ അധികം വരുന്ന പാൽ വിറ്റുപോകാത്തതായിരുന്നു പ്രധാന പ്രതിസന്ധികളൊന്ന്. എന്നാൽ ജില്ലയിലെ മുഴുവൻ ക്ഷീരസഹകരണ സംഘങ്ങളിലെ 11,​000 കർഷകരിൽ നിന്ന് ദിവസവും രണ്ട് നേരം പാൽ സംഭരിച്ച് വിൽക്കുകയാണ്. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാലാണ് സംഘങ്ങൾ സംഭരിക്കുന്നത്. ഇതിൽ 44,​000 ലിറ്റർ പ്രാദേശികമായി വിൽക്കുകയും ബാക്കി മിൽമ എറണാകുളം മേഖലാ യൂണിയന് നൽകുകയുമാണ്. ഇതോടെയാണ് പാൽകെട്ടിക്കിടക്കുന്ന പ്രശ്നത്തിന് പരിഹാരമായി.

കൊവിഡ് ബാധിതർക്കൊപ്പം

കൊവിഡ് ബാധിച്ച കർഷകരുടെ പശുക്കൾക്ക് പരിചരണം സഹകരണ സംഘങ്ങളും ഭരണസമിതികളും ജീവനക്കാരും ഉറപ്പാക്കി. പലയിടത്തും താത്കാലിക തൊഴുത്തുകൾ സജ്ജമാക്കി. തീറ്റയും കറവയും അടക്കം പശുക്കളുടെ പൂർണ പരിപാലനം ഇപ്പോൾ സംഘങ്ങളാണ്. രോഗം മാറിയശേഷം ഇവയെ വീട്ടിലെത്തിച്ച് ഉടമകൾക്ക് നൽകുകയാണ് പതിവ്. ജില്ലയിൽ ഇതുവരെ നൂറോളം പശുക്കളെ ഇങ്ങനെ സംരക്ഷിച്ചു.

 സൗജന്യമായി 62,000 രൂപയുടെ പാൽ
ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ ഇതുവരെ 62,000 രൂപയുടെ പാൽ സൗജന്യമായി നൽകി. കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പ്രതിദിനം 1500 ലിറ്ററോളം പാൽ സൗജന്യമായി നൽകുന്നുണ്ട്.

 ജില്ലയിൽ ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായി സംഭരിക്കുന്നതിനും വിപണനം നടത്താനും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയാണ് ഗുണകരമായത്. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം നടത്തി.ആവശ്യമായ ഫണ്ട് ജില്ലാ ഭരണകൂടം ലഭ്യമാക്കി

സിൽവി മാത്യു, ഡെപ്യൂട്ടി ഡയറക്ടർ

മറ്റ് ഇടപെടലുകൾ

ക്ഷീരകർഷകർക്ക് സഹകരണ സംഘങ്ങളുടെ കൊവിഡ് പ്രതിരോധ കിറ്റ്

 സൗജന്യമായി വിതരണം ചെയ്തത് ആറ് ടൺ പച്ചപ്പുല്ലും 5.67 ലക്ഷം രൂപയുടെ വൈക്കോലും

 കൊവിഡ് ബാധിച്ച കുടുംബങ്ങളിലേയ്ക്ക് സൗജന്യ കാലിത്തീറ്റയും ഇൻസെന്റീവും ഭക്ഷ്യകിറ്റും

ജില്ലയിൽ ആകെ 245 സംഘങ്ങൾ