കുമരകം: ഗവ. മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡോക്ടറുടെ സേവനം ലഭിക്കാതെ വന്നതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ കിടാവ് ചത്ത സംഭവവുമുണ്ടായി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങളേയും കൊണ്ട് മറ്റു മൃഗാശുപത്രികളിൽ ചികിത്സ തേടി പോകുക ബുദ്ധിമുട്ടാണ്. കുമരകം മൃഗാശുപത്രിയിൽ മൂന്ന് ജീവനക്കാരുണ്ടെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ ലഭിക്കുന്നില്ല. ചെങ്ങളം കോടിമത തുടങ്ങിയ മറ്റ് മൃഗാശുപത്രികളിലേക്ക് ശുപാർശ ചെയ്യുകയാണ് നിലവിലെ അവസ്ഥ. മൃഗങ്ങളെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതിന് അധിക ചെലവ് വഹിക്കുകയും വേണം. സമീപ പഞ്ചായത്തിൽ കുളമ്പു രോഗം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ സ്ഥിരം ഡോക്ടർ ഇവിടെ അനിവാര്യമാണ്. വടവാതൂർ ആശുപത്രിയിലെ ഡോക്ടറെ ആഴ്ച്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) കുമരകത്തേയ്ക്ക് താത്ക്കാലികമായി നിയമിച്ചിട്ടുണ്ടെങ്കിലും മുഴുവൻ സമയം ഡോക്ടർ വേണമെന്നാണ് ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവരുടെ അവശ്യം.