ബംഗാളി സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്‌ക്കാകെ നഷ്ടമാണ് ബുദ്ധദേബ് ദാസ് ഗുപ്തയുടെ വിയോഗം. കിട്ടിയ പണമെല്ലാം സിനിമയിൽ മുടക്കി സിനിമയെ പ്രണയിച്ച് ഒരു കാലത്തെ അടയാളപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.
'പിറവി' എന്ന ചിത്രം കണ്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അന്ന് ഹോട്ടൽ മുറിയിൽ ഒരുപാട് സംസാരിച്ച ശേഷമാണ് ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ നാലു ചിത്രങ്ങളിൽ ഞാൻ കാമറ ചലിപ്പിച്ചു. മൂന്ന് ഫീച്ചർ സിനിമകളും ഒരു ഡോക്യുമെന്ററിയും. നമ്മുടെ ഏറ്റവും നല്ല വർക്ക് പുറത്ത് കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ ഇടപെടൽ. ആ പ്രൊഫഷണലിസം വ്യക്തിപരമായും ഗുണം ചെയ്തു. ഇനി അതൊന്നും ഉണ്ടാവില്ല. അതോർക്കുമ്പോഴാണ് ആ വലിയ മനുഷ്യന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയുടെ ആഴം വ്യക്തമാകുന്നത്.
അദ്ദേഹത്തിന്റെ സിനിമകളിൽ പത്തോളം സിനിമോട്ടോഗ്രാഫർമാർ വർക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും ഡോക്യുമെന്ററികൾ സ്വയമാണ് ഷൂട്ട് ചെയ്തിരുന്നത്. സിനിമോട്ടാ ഗ്രാഫി നന്നായി അറിയാമായിരുന്നു. മുൻകൂട്ടി അദ്ദേഹം ആംഗിളുകൾ പ്ളാൻ ചെയ്തിരുന്നില്ല. സെറ്റിൽ അഭിനേതാക്കളെയും ക്യാമറയും വച്ച് റിഹേഴ്സൽ നടത്തിയാണ് ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് ഏറ്റവും പൂർണതയിൽ ഫലം ലഭിക്കും.
സംവിധാനത്തിന്റെ വഴികളെല്ലാം പഠിച്ചിരുന്നു. കട്ട് ചെയ്ത ഷോട്ടുകളല്ല, നീളമുള്ള ലളിതമായ ഷോട്ടുകളാരുന്നു പ്രത്യേകത. അദ്ദേഹം കവിയും ആയിരുന്നു.കവി ഹൃദയത്തിൽ നിന്നുള്ളതായതിനാൽ അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം കവിതയുടെ മനോഹാരിത നിറഞ്ഞിരുന്നു.