പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡപ്പോയിൽ നിന്നും 23 ബസുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റിയത് വിനയാകുന്നത് കെ.എസ്.ആർ.ടി.സി മാത്രം ഓടുന്നതും നാമമാത്ര സ്വകാര്യ സർവീസുകൾ ഉള്ളതുമായ ഗ്രാമീണ റൂട്ടുകളിലെ യാത്രക്കാർക്ക്. പല ഉൾനാടൻ പ്രദേശങ്ങളലേക്കും രാത്രി 7.30 കഴിഞ്ഞാൽ യാത്ര ബുദ്ധിമുട്ടിലാണ്. കൊവിഡിന് ശേഷം പൊതുഗതാഗതം ആരംഭിക്കുമ്പോൾ പാലാ മേഖലയിലെ യാത്രക്കാർക്കായി പകരം ക്രമീകരണം എങ്ങനെ എന്നതിന് പാലാ ഡിപ്പോ അധികൃതർക്കും ഉത്തരമില്ല. പാലാ ഏഴാച്ചേരി വഴി രാമപുരത്തേയ്ക്കും തിരിച്ചും നാട്ടുകാരുടെ പ്രധാന ആശ്രയം കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു. പുലർച്ചെ 5.45 നും 6.15നും രാത്രി 7.30 നും 9.20 നുമൊക്കെ ഏഴാച്ചേരി വഴി കെ.എസ്.ആർ.ടി.സി ബസുകളുണ്ടായിരുന്നു. ഒരു ഹയർസെക്കൻഡറി സ്‌കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുള്ള ചക്കാമ്പുഴ ഇക്കോലി ഉഴവൂർ റൂട്ടിൽ ആകെയുള്ളത് ഒരു ഓർഡിനറി ബസ് മാത്രം. ഈ ബസിനെ ആശ്രയിച്ച് യാത്ര ചെയ്തവരും നാളെകളിലെ യാത്ര എങ്ങനെ എന്ന് ചോദിക്കുന്നു. നാമമാത്ര സ്വകാര്യ സർവ്വീസുകളുള്ള ഏഴാച്ചേരി ഉൾപ്പെടെയുള്ള റൂട്ടുകളിലും പുലർച്ചെയും രാത്രി യാത്രയ്ക്കും പകരം ക്രമീകരണം എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല.
ദുരിതമുറപ്പ്!
പുലർച്ചെയും രാത്രി 7.30ന് ശേഷവും സ്വകാര്യ ബസുകൾ ഇല്ലാത്ത മേഖലകളിലെ യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്ന നടപടിയാണ് ബസുകൾ ഇല്ലാതായതോടെ ഉണ്ടായിരിക്കുന്നതെന്ന് പാസഞ്ചേഴ്‌സ് അസോസയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടം ചൂണ്ടിക്കാട്ടുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാലേ ബസുകൾ പാലാ ഡിപ്പോയ്ക്ക് തിരികെ ലഭിക്കൂ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.