പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ ആരംഭിക്കുന്ന കൊവിഡ് വാക്‌സിനേഷൻ സെന്ററിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. പഞ്ചായത്തിൽ വാക്‌സിനേഷൻ കേന്ദ്രം ഇല്ലാത്തതിനാൽ കങ്ങഴ പഞ്ചായത്തിലെ ഇടയരിക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ഇപ്പോൾ ജനങ്ങൾ ആശ്രയിക്കുന്നത്. പുതിയ വാക്‌സിനേഷൻ സെന്റർ ആരംഭിക്കുന്നതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് വാക്‌സിൻ എടുക്കാൻ പോകേണ്ട അവസ്ഥയ്ക്ക് പരിഹാരമാകും.
ഇടയിരിക്കപ്പുഴയിൽ 200 ഡോസുകളാണ് ലഭിച്ചിരുന്നത്. ഇത് കങ്ങഴ ,ചിറക്കടവ് പഞ്ചായത്തുകളിലെ ജനങ്ങൾക്കായിരുന്നു നൽകിയിരുന്നത്.
പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ട് ബൂത്തുകളുണ്ടാവും. കൂടാതെ നിരീക്ഷണത്തിന് ഇരിക്കാനുള്ള സ്ഥലവും ടൗൺഹാളിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് സെന്റർ തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ സുമേഷ് ആൻഡ്രൂസ് ,എം.ജി. വിനോദ്, ശ്രീലത സന്തോഷ് എന്നിവരും വാക്‌സിനേഷൻ കേന്ദ്രം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.