പാലാ: നഗരസഭയ്ക്ക് 5 കോടിയുടെ കുടിവെള്ളക്കുടിശികയുടെ ബില്ലും നൽകി വാട്ടർ അതോറിറ്റി കാത്തുനിൽക്കുമ്പോൾ, നഗരസഭയ്ക്ക് വാട്ടർ അതോറിറ്റിയാണ് പണം നൽകേണ്ടതെന്ന വാദവുമായി മുൻ മുനിസിപ്പൽ കമ്മീഷണറും നാട്ടുചരിത്ര പണ്ഡിതനുമായ രവി പാലാ രംഗത്ത്.
പുതുതലമുറയിലെ ഭരണകർത്താക്കളിൽ ആർക്കും അറിയാൻ പാടില്ലാത്ത പഴയ ഒരു കടത്തിന്റെ കഥ രവി പാലാ ഓർമ്മയിൽ നിന്ന് പറയുന്നു. വെള്ളക്കുടിശിക സംബന്ധിച്ച് ' കേരളകൗമുദി ' വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലായിലെ കുടിവെള്ള വിതരണ ശൃംഖലയുടെ യഥാർത്ഥ ചരിത്രം ഓർമ്മയിൽ വന്നതെന്ന് ഇദ്ദേഹം പറയുന്നു.നഗരസഭ പാലായിൽ കുടിവെള്ള വിതരണം ആരംഭിക്കുന്ന കാലത്ത് മുനിസിപ്പൽ ഉദ്യോഗസ്ഥനായിരുന്നു രവി പാലാ.
ഇതു സംബന്ധിച്ച് ചരിത്ര രേഖയുടെ പിൻബലത്തിൽ രവി പാലായുടെ വാക്കുകൾ ഇങ്ങനെ;
പാലായിൽ വാട്ടർ അതോറിട്ടി നടത്തിവരുന്ന ജലവിതരണത്തിന് ആദ്യ കാലത്ത് ആരംഭത്തിൽ വിതരണ ശൃംഖല മുഴുവനും സൃഷ്ടിച്ചത് മുനിസിപ്പാലിറ്റി എൽ.ഐ.സി.യിൽ നിന്ന് കടമെടുത്ത് കിട്ടിയ തുക കൊണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിതരണ ശൃംഖലയുടെ ഉടമാവകാശം മുഴുവനും മുനിസിപ്പാലിറ്റിക്ക് ആവുകയും അതനുസരിച്ച് ബൈലോ പ്രകാരം വിതരണം ചെയ്യുന്ന വെള്ളത്തിന്റെ വില നഗരസഭ പിരിക്കുകയും ചെയ്തുപോന്നു.
കാലക്രമത്തിൽ വാട്ടർ അതോറിട്ടി ഇത് ഏറ്റെടുക്കുകയും പിരിവ് അതോറിട്ടി നേരിട്ടെടുക്കാനും തുടങ്ങി.
എന്നാൽ വാട്ടർ അതോറിറ്റി ജലവിതരണവും പിരിവും ഏറ്റെടുത്തപ്പോൾ വിതരണ ശൃംഖലയുടെ മൂലധനമുടക്ക് അതോറിട്ടിയിൽ നിന്ന് നഗരസഭയ്ക്ക് തിരികെ ലഭിക്കുമോയെന്ന് വിശദമായി പരിശോധിക്കണം.
ഉടമാവകാശത്തിന്റെ നഷ്ടപരിഹാരം നഗരസഭയ്ക്ക് കൊടുക്കാതെ വെള്ള വിലക്കുടിശികക്ക് മാത്രം നഗരസഭയ്ക്ക് എങ്ങനെ ബാദ്ധ്യത കൽപ്പിക്കാനാവുമെന്ന് രവി പാലാ ചോദിക്കുന്നു.
ആദ്യത്തെ മുതൽ മുടക്ക് നഗരസഭയ്ക്ക് പലിശ സഹിതം കിട്ടുന്നതിന് ക്ലെയിം വയ്‌ക്കേണ്ടതാണ്.അതും ഇന്നത്തെ നിരക്കിൽ മൂല്യം കല്പിച്ചു കിട്ടുകയുംവേണം. അതാണ് ന്യായമെന്നും രവി പാലാ ചൂണ്ടിക്കാട്ടുന്നു.
മുൻ മുനിസിപ്പൽ കമ്മീഷണറുടെ വെളിപ്പെടുത്തലുകളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിൽ പഴയ ഫയലുകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര പറഞ്ഞു.