അടിമാലി: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ നട്ടംതിരിഞ്ഞ് നിർമ്മാണമേഖല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്.സിമന്റിനും കമ്പിക്കും പിവിസി ഉത്പന്നങ്ങൾക്കുമടക്കം വിപണിയിൽ വില വർദ്ധനവുണ്ടായിട്ടുണ്ട്.മൂന്നൂറ്ററുപതിൽ നിന്നിരുന്ന സിമന്റിന്റെ വില നാനൂറ്റമ്പതിലേക്കെത്തി.കമ്പിയുടെ വില ഇരട്ടിയോളം വർദ്ധിച്ചു.സാനിറ്ററി ഉത്പന്നങ്ങൾ, പിവിസി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലയും ആശ്വാസകരമല്ലാത്തവിധം ഉയർന്നു.വീട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരെ ഉൾപ്പെടെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് പ്രതികൂലമായി ബാധിക്കുകയാണ്.ലോക്ക് ഡൗൺ കാലത്തും നിർമ്മാണമേഖല വലിയ തടസ്സമില്ലാതെ മുമ്പോട്ട് പോകുന്നുണ്ട്.പക്ഷെ നിർമ്മാണ സാമഗ്രികൾക്ക് ഉണ്ടായിട്ടുള്ള വിലവർദ്ധനവ് പലരുടെയും കൈപൊള്ളിക്കുന്നു.കോൺക്രീറ്റ് ജോലികൾക്ക് ആവശ്യമായി വരുന്ന കെട്ടുകമ്പിയുടെയും ആണിയുടെയും വരെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.ലോക്ക് ഡൗൺ അവസാനിച്ച് നിർമ്മാണ മേഖല കൂടുതൽ സജീവമാകുന്നതോടെ ഇനിയും വില വർധനവുണ്ടാകുമോയെന്ന ആശങ്ക പലർക്കുമുണ്ട്.

കൈപൊള്ളി

കോൺട്രാക്ടർമാർ

ഈ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാർക്കും ഇപ്പോഴത്തെ വില വർദ്ധനവ് അധിക ബാദ്ധ്യത വരുത്തി.വീടുപണികൾ മൊത്തമായി കോൺട്രാക്ട് എടുത്തവർ വിലവർദ്ധനവ് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. സ്ക്വയർഫീറ്റ് അനുസരിച്ച് തുക നിശ്ഛയിച്ച് കരാർ എടുത്തതിനാൽ സാധന സാമഗ്രികളുടെ വില കൂടി എന്ന് പറഞ്ഞ് അധിക തുക ആവശ്യപ്പെടാനുമാകില്ല. ഇത്തരം സാഹചര്യത്തിൽ ഏറ്റെടുത്ത കരാർ എങ്ങനെ നിശ്ഛിത സമയത്തിനുള്ളിൽ തീർക്കുമെന്ന അങ്കലാപ്പിലാണ് അവർ.