ചങ്ങനാശേരി : കൊവിഡ് വ്യാപനത്തിന് പിന്നാലെ ചങ്ങനാശേരി മേഖലയിൽ എലിപ്പനി പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് കക്കാട്ടു താഴ്ചയിൽ ടി.എസ്.വിജയൻ (55) മരിച്ചു. പെട്ടി ഓട്ടോറിക്ഷ തൊഴിലാളിയായ വിജയൻ ഏതാനും ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നഗരസഭ 13ാം വാർഡിൽ കഴിഞ്ഞ ആഴ്ച രണ്ടുകുട്ടികൾക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചെങ്കിലും പ്രദേശത്ത് തന്നെ ഇന്നലെ വീണ്ടും രണ്ടുപേർക്കും കൂടി എലിപ്പനി സ്ഥിരീകരിച്ചു. 14, 22ാം വാർഡിലും രോഗം റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസം മുൻപ് നഗരസഭയിലെ ഒരു ജീവനക്കാരിയ്ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ മറ്റ് മൂന്ന് ജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ചതായി നഗരസഭ ജീവനക്കാർ പറഞ്ഞു. രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ വാർഡ് കൗൺസിലർമാരുടെ സഹായത്തോടെ സ്വീകരിച്ചിട്ടുണ്ട്. വാർഡുകളിൽ ദ്രുത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.