കോട്ടയം : ഈ മാസം ജില്ലയ്ക്ക് ആകെ 197400 ഡോസ് കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന് കളക്ടർ എം.അഞ്ജന അറിയിച്ചു. നിലവിൽ ലഭ്യമായ വാക്‌സിൻ ബുധനാഴ്ചയോടെ നൽകി തീർന്ന സാഹചര്യത്തിലാണ് ഇന്നലെയും, ഇന്നും വാക്‌സിനേഷൻ നടത്താൻ കഴിയാതിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കുന്ന 171110 ഡോസ് കൊവിഷീൽഡും 26290 ഡോസ് കൊവാക്‌സിനുമാണ് ജൂൺ മാസത്തിൽ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക. 5000 ഡോസ് കൊവാക്‌സിൻ ഇന്ന് കൊണ്ടുവരും. ഇത് രണ്ടാം ഡോസുകാർക്കായിരിക്കും നൽകുക. 13 ന് 5000 ഡോസ് കൊവിഷീൽഡ് വാക്‌സിൻ എത്തിക്കും.
നാല് കൊവിഡ് ആശുപത്രികൾ
ജില്ലയിൽ നാല് ആശുപത്രികൾകൂടി കൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു. നിലവിൽ സെക്കൻഡ് ലൈൻ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കൊവിഡ് ആശുപത്രികളാക്കിയത്. ഇതോടെ ജില്ലയിൽ ആകെ ആറ് കൊവിഡ് ആശുപത്രികളായി. കൊവിഡ് ചികിത്സയ്ക്കായി പ്രധാന സ്‌പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ഉണ്ടാകും. കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള പുതിയ നാല് കൊവിഡ് ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.