subash

ചങ്ങനാശേരി: നാടൻ മത്സ്യകൃഷിയിൽ പൊന്ന് വിളയിച്ച് സുഭാഷ്. ചങ്ങനാശേരി നാൽക്കവലയിൽ എ ജി സദനത്തിൽ സുഭാഷ് ചന്ദ്രനാണ് മത്സ്യകൃഷി ലാഭകരമായി നടത്തുന്നത്. തടിമില്ല് ബിസിനസ് നടത്തുന്ന സുഭാഷ് അവിചാരിതമായി 15 വർഷക്കാലം മുൻപ് പാറക്കുളത്തോടുകൂടിയ സ്ഥലം തൃക്കൊടിത്താനം നാല്ക്കവലയിൽ സ്വന്തമാക്കി. സ്ഥലത്തിലെ കുളം ഉപയോഗശൂന്യമാകേണ്ടന്ന് കരുതി ബ്ലോക്കിൽ ജോലി ചെയ്യുന്ന ബന്ധു പറഞ്ഞതനുസരിച്ച് കട്‌ല, കരിമീൻ, പള്ളത്തി എന്നീ മത്സ്യകുഞ്ഞുങ്ങളെ വാങ്ങി കുളത്തിൽ നിക്ഷേപിച്ചു. 500 രൂപയുടെ മത്സ്യകുഞ്ഞുങ്ങളെയാണ് വാങ്ങിയത്. തുടർന്ന് മകൻ സൂരജിന്റെ നേതൃത്വത്തിൽ മത്സ്യകൃഷി നവീകരണവും വിപുലീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മത്സ്യകൃഷിയ്ക്ക് ഒപ്പം സമ്മിശ്രമായി കോഴി വളർത്തലും താറാവ് വളർത്തലും ആരംഭിക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി മത്സ്യകുളത്തിൽ തന്നെ പില്ലറുകൾ സ്ഥാപിച്ച് അറകൾ പണിതു. ഇതിൽ താറാവ്, കോഴി എന്നിവയുടെ കൃഷി ആരംഭിച്ചു. മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് പ്രത്യേക അറകളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് കുളം സജ്ജീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ സജീവമായി വളർത്തു മത്സ്യങ്ങളുടെയും താറാവ്, കോഴി എന്നിവയുടെ വിപണനം നടന്നിരുന്നു.

കൊവിഡ്കാലത്തെ ലാഭവ്യാപാരം

ആകസ്മികമായി കുളം നോക്കിനടത്തിയിരുന്ന മകൻ സൂരജിന്റെ മരണത്തെ തുടർന്ന് മത്സ്യകൃഷി സ്തംഭിച്ചു. മകന്റെ മരണത്തിൽ മനംനൊന്ത് സുഭാഷ് തടിമിൽ ബിസിനസിലേക്ക്ചുരുങ്ങി. കൊവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണും സുഭാഷിനെ വീണ്ടും മത്സ്യകൃഷി പുനരാരംഭിക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ ദിവസം മുപ്പത് മുതൽ നാൽപത് കിലോ വരെ മത്സ്യവിപണനം നടത്തിവരുന്നു. മാസം മുപ്പതിനായിരത്തിലധികം രൂപയുടെ വരുമാനം മത്സ്യകൃഷിയിൽ നിന്നുമാത്രമായി സുഭാഷിന് ലഭിക്കുന്നു. മത്സ്യകൃഷി പുനരാരംഭിച്ചതോടുകൂടി സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കാൻ സി.സി.ടി.വി കാമറകളും സംരക്ഷണഭിത്തികളും സ്ഥാപിച്ചു. നിലവിൽ മലേഷ്യൻ വാള, കരിമീൻ, സിലോപ്പിയ, കാരി എന്നിവയാണ് കുളത്തിൽ വളർത്തുന്നത്. പശു തീറ്റയായ സൈലേജ്, ചോളം, ചോറ്, പുഷ്ടി , ഓക്ക എന്നിവയാണ്മത്സ്യങ്ങൾക്ക് തീറ്റയായി നല്കുന്നത്. രാവിലെയും വൈകുന്നേരവും ഒരു ചാക്ക്എന്നതാണ് തീറ്റയുടെ കണക്ക്. പുറത്ത് 350 രൂപ വീതം ഈടാക്കുന്ന മത്സ്യത്തിന് സുഭാഷ് കിലോയ്ക്ക് 150 രൂപ മാത്രമാണ് ആവശ്യക്കാരിൽ നിന്ന് ഈടാക്കുന്നത്. മത്സ്യകൃഷിയിൽ സുഭാഷിനെ സഹായിക്കുന്നതിനായി ടോമിച്ചൻ തോമസ് കണ്ണമ്പളിയും ഒപ്പമുണ്ട്. മറ്റ് മത്സ്യ ഫാമുകളിൽ നിന്നും വ്യത്യസ്തമായി മീൻ കുളത്തിൽനിന്നും പിടിക്കുന്നതിന് സുഭാഷ് തന്റേതായ രീതികളുണ്ട്. പ്രത്യേക ചുറ്റളവിൽ ചതുരാകൃതിയിൽ വലകൊണ്ട് നിർമ്മിച്ച അറയിൽ തീറ്റ ഇട്ട് മീനുകളെ വലയിലേക്ക് കൊണ്ടു വരുന്നു. ശേഷം ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന കപ്പിയും കയറും ഉപയോഗിച്ച് ചീനവലമാതൃകയിൽ അറ ഉയർത്തുന്നു. മീനുകൾ അറയിൽ നിന്ന് പുറത്ത് പോകാതിരിക്കുവാൻ പ്രത്യേക ലോക്ക് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മീനുകളെ തരം തിരിച്ചെടുക്കുന്നു. ചെറിയ മീനുകളെ കുളത്തിലേക്ക് തന്നെ നിക്ഷേപിക്കും. സുഭാഷിന് പ്രചോദനമായി ഭാര്യ ലാലമ്മയും മകൾ സൂര്യയും ഒപ്പമുണ്ട്. സംയോജിതകൃഷി ആരംഭിക്കുവാൻ തൃക്കൊടിത്താനം കൃഷി ഓഫീസർ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മറ്റ് ബിസിനസുകളെ അപേക്ഷിച്ച് മത്സ്യകൃഷി ലാഭകരവും പ്രയോജനകരവുമാണെന്നും സുഭാഷ് പറഞ്ഞു.