വൈക്കം: ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ജലഗാതഗത വകുപ്പിന്റെ വൈക്കം-തവണക്കടവ് ബോട്ട് സർവീസ് പുനരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാത്ത സാഹചര്യത്തിൽ ദിവസേന 11 സർവീസുകൾ മാത്രമാണ് ഉണ്ടായിരിക്കുക. രാവിലെ 7, 7.40, 8.30, 9.20, 10, ഉച്ചക്ക് 12, 1, വൈകിട്ട് 4, 5, 5.40, 6.20 എന്നിങ്ങനെയാണ് വൈക്കത്ത് നിന്നും തവണക്കടവിലേക്ക് സർവീസ് നടത്തുക. തവണക്കടവിൽ നിന്നും 7.20, 8, 9, 9.40, 10.20, ഉച്ചയ്ക്ക് 12.20, 1.20, വൈകിട്ട് 4.30, 5.20, 6, 6.40 സമയങ്ങളിലാണ് വൈക്കത്തേക്ക് ബോട്ട് സർവീസ്. ആദ്യദിവസം ഡീസൽ ബോട്ടാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കിലും ഇന്ന് മുതൽ സോളാർ ബോട്ട് ഉപയോഗിച്ച് സർവീസ് നടത്താനാണ് അധികൃതരുടെ തീരുമാനം. ബോട്ട് ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിൽ എ.ഐ.വൈ.എഫ് വൈക്കം യൂത്ത്ഫോഴ്‌സിന്റെ നേതൃത്വത്തിൽ ബോട്ടുകളും ജെട്ടിയും അണുവിമുക്തമാക്കി യാത്രയ്ക്ക് സുരക്ഷയൊരുക്കി. ജലഗതാഗത വകുപ്പിന്റെ ഓഫീസും, ബി.എസ്.എൻ.എൽ ഓഫീസിന്റെ പരിസരങ്ങളിലും ക്ലിനിംഗ് നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ്, മണ്ഡലം സെക്രട്ടറി സജീവ് ബി.ഹരൻ, പ്രസിഡന്റ് ജിൽജിത്ത്, വി.ടി മനീഷ്, ആനൂപ് ഉണ്ണി, പ്രവീൺ, വിഷ്ണു, രാഹുൽ, അമൽ എന്നിവർ നേതൃത്വം നൽകി.