പൊൻകുന്നം:സ്‌കൂൾ വളപ്പിൽ നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് രണ്ടുകാറുകൾക്ക് നാശം. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മൂല്യനിർണയ ക്യാമ്പിനെത്തിയ അദ്ധ്യാപകരുടെ കാറുകൾക്ക് മുകളിലേക്കാണ് തണൽമരം ഒടിഞ്ഞുവീണത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. ആർക്കും പരിക്കില്ല. എരുമേലി സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ ഇമ്മാനുവൽ ജോസഫ്, ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ പാമ്പാടി സ്വദേശി എൽ.ബിപിൻസിംഗ് എന്നിവരുടെ കാറുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഇതിന് സമീപം മറ്റൊരു കാറിൽ ഈ സമയം ഡ്രൈവറുണ്ടായിരുന്നു. മരച്ചില്ല വീഴുന്ന ശബ്ദംകേട്ട് ഇയാൾ കാറിന് പുറത്തിറങ്ങി ഓടിമാറി.
കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളാണ് കാറിന് മുകളിൽ നിന്ന് മരം മുറിച്ച് നീക്കിയത്.സ്‌കൂൾ വളപ്പിൽ അപകടകരമായ നിലയിലുള്ള തണൽമരങ്ങൾ മുറിച്ചുമാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. മുൻപ് ദേശീയപാതയിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് നാശമുണ്ടായിരുന്നു.