കുമരകം: മദ്യലഹരിയിൽ കാറോടിച്ച് ബൈക്കിൽ രണ്ടുവട്ടും ഇടിപ്പിച്ചശേഷം പൊലീസുകാരൻ മുങ്ങി. കാർ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ മറ്റ് മൂന്നു പേരോടൊപ്പമാണ് ഇയാൾ കാറിലെത്തിയത്. കുമരകം പെട്രോൾ പമ്പിന് സമീപം വച്ച് അശ്രദ്ധമായ ഡ്രൈവിംഗിനിടെ കാർ കുമരകം സ്വദേശി വിനു ഒാടിച്ച ബൈക്കിലിടിച്ചു. തുടർന്ന് നിർത്താതെ പോയി. പിന്നാലെ ചെന്ന് ഇതു ചോദ്യം ചെയ്തതിന്റെ പേരിൽ പുതിയ കാവിനു സമീപം വെച്ച് വീണ്ടും കാർ ബൈക്കിലിടിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിനുവിനെ കുമരകം സാമുഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിനുവിന്റെ കാലിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ബൈക്കിനും കേടുപാടുണ്ടായി.
വിവാഹം നടന്ന ആശാരിച്ചേരി ഭാഗത്ത് പൊലീസെത്തി അന്വേഷിച്ചെങ്കിലും കാർ അവിടെയിട്ടിട്ട് ഡ്രൈവർ മുങ്ങിയിരുന്നു. തുടർന്ന് കെ.എൽ.03 ജെ 4000 റജിസ്റ്റർ നമ്പറുള്ള വെള്ള വാഗണർ കസ്റ്റഡിയിലെടുത്തു. കാർ ഉടമയെ ഇന്ന് സ്റ്റേഷനിൽ എത്തിച്ച് കർശന നടപടിയെടുക്കുമെന്ന് കുമരകം എസ് ഐ എസ്. സുരേഷ് അറിയിച്ചു .