veed

എരുമേലി: ഭരണകൂടങ്ങൾ കരുതലിന്റെ മഹാഗാഥകൾ പാടി നടക്കുന്ന ഇക്കാലത്തും കയറിക്കിടക്കാന്‍ വീടോ ഒരുതുണ്ട് ഭൂമിയോ ഇല്ലാതെ, പാതയോരത്തു വലിച്ചുകെട്ടിയ പടുതയ്ക്ക് കീഴില്‍ കഴിയുന്നവരുമുണ്ട്. ഹൃദ്രോഗിയായ അബ്ദുൾസലാമിനെ പോലുള്ളവർ. ഭാര്യയ്ക്കൊപ്പം കഴിയുന്ന 65കാരനായ അബ്ദുൾസലാം ഹോട്ടല്‍ തൊഴിലാളിയായിരുന്നു. മക്കളില്ല. രണ്ടുതവണ ഹൃദയാഘാതം വന്നപ്പോൾ മരുന്നു വാങ്ങാന്‍ പോലും നാട്ടുകാരുടെ മുന്നില്‍ കൈനീട്ടേണ്ടിവന്നു. ലോക്ഡൗണ്‍ ആയതോടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി.
എരുമേലി - കാഞ്ഞിരപ്പള്ളി പാതയില്‍ കൊരട്ടി പാലത്തിനടുത്താണ് ഇവരുടെ പടുതക്കുള്ളിലെ ജീവിതം. മഴക്കാലമായതോടെ ഭയത്തോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത് . വഴിവക്കിലെ വന്‍മരങ്ങള്‍ തങ്ങളുടെ കൂരയിലേക്ക് വീഴുമോ എന്നാണ് ആശങ്ക. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റേഷന്‍ കാര്‍ഡും ആധാറും ഒക്കെയുണ്ടെങ്കിലും വീട് എന്ന സ്വപ്നം ഇനിയും അകലെയാണ്. ഹോട്ടല്‍ ജോലി ഉണ്ടായിരുന്നപ്പോള്‍ വാടക വീടുകളിലായിരുന്നു താമസം. അസുഖം വന്നതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. ആറുവര്‍ഷമായി പടുതക്കീഴിലായി താമസം. മരുന്നിനു മാത്രം മാസം രണ്ടായിരത്തോളം രൂപ വരും. ലോക്ഡൗണ്‍ വന്നപ്പോള്‍ ആശുപത്രിയില്‍ പോക്കും മുടങ്ങി. ഡോക്ടര്‍ എഴുതികൊടുത്ത പഴയ മരുന്നു കുറിപ്പടി വെച്ച് മെഡിക്കല്‍ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി കഴിക്കും. എന്നാല്‍ സഹായിച്ചിരുന്നവര്‍ക്ക് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനും കഴിയാത്ത അവസ്ഥയാണ്. റേഷന്‍ മുടങ്ങാതെ കിട്ടുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു എന്ന് മാത്രം. കാലാകാലങ്ങളായി അധികാരികള്‍ നല്‍കുന്ന ഉറപ്പുണ്ട്, വീടുവച്ചു നല്‍കാമെന്ന്. എന്നാല്‍ ഇതുവരെ അതു സഫലമായില്ല.