കുമരകം: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന് വില നൽകാത്ത സപ്ലൈകോയുടെ നടപടിക്കെതിരെ കുമരകത്തെ ഗ്രാമപഞ്ചായത്തംഗങ്ങൾ ആലപ്പുഴ പാഡി മാർക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചു. ആലപ്പുഴ മങ്കൊമ്പിലുള്ള പാഡി മാർക്കറ്റിംഗ് ഓഫീസ് ബി.ജെ.പി പഞ്ചായത്തംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവർ ചേർന്നാണ് ഉപരോധിച്ചത്. തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അനിൽ ആന്റോ, പേയ്‌മെന്റ് ഓഫീസർ സഞ്ചയ്നാഥ് എന്നിവരുമായി പഞ്ചായത്ത് അംഗങ്ങൾ ചർച്ച നടത്തി. കർഷകർക്ക് നൽകാനുള്ള തുക ജൂൺ 20നകം നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.