അടിമാലി: വിവാദ ഉത്തരവിന്റെ മറവിൽഅടിമാലി റേഞ്ചിൽ നിന്നും വെട്ടി കടത്തിയ ലക്ഷങ്ങൾ വിലവരുന്ന തേക്ക് തടികൾ പെരുമ്പാവൂരിലെ തടി മില്ലിൽ നിന്നും വനം വകുപ്പ് വിജിലൻസ് സംഘം പിടികൂടി.നാല് പാസുകൾ ഉപയോഗിച്ച് കൊണ്ടുവന്ന ഒൻപത് ക്യുബിക്ക് മീറ്റർ തേക്ക് തടിയാണ് പിടികൂടിയത്.ഇതിന് എട്ട് ലക്ഷം രൂപ വില വരും. അടിമാലിയിലെ പട്ടയഭൂമിയിൽ നിന്നും വെട്ടിയ മരങ്ങൾ പെരുമ്പാവൂരിലെ മില്ലിൽ വിറ്റതായി കോതമംഗലം ഫ്‌ളയിംങ്ങ് സ്ക്വാഡിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകുനേരം പെരുമ്പാവൂർ ഫ്‌ളയിംങ്ങ് സ്ക്വാഡ് കരിമുകളിൽ നടത്തിയ പരിശോധനയിലാണ് തടികൾ പിടിച്ചെടുത്തത്. പട്ടയ ഭൂമിയിലെ റിസർവ് മരങ്ങൾ വെട്ടുന്നതിന് അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചതിന് ശേഷമാണ് ഇവിടെ മരംവെട്ട് നടന്നിരിക്കുന്നതെന്നാണ് റവന്യു ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അടിമാലി റേഞ്ചിൽ മാത്രം 30 പാസുകളാണ് വനം വകുപ്പ് നൽകിയിരിക്കുന്നത്. ഓരോ പാസിന്റെ മറവിൽ നിരവധി റിസർവ് മരങ്ങൾ വെട്ടിയതായും സൂചനയുണ്ട്. ഇതിനിടെ റിസർവ് വനഭൂമിയിൽ നിന്നും മരങ്ങൾ വെട്ടിയതായി ഫ്‌ളയിംഗ് സ്ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്.
വനപാലകരുടെ ഒത്താശയോടെ ജില്ലയിലെ സംരക്ഷിത വനമേഖലയിൽ നിന്നും വൻ മരങ്ങളും വെട്ടി കടത്തി. ഇടുക്കിയുടെ അതിർത്തി മേഖലയിൽപ്പെടുന്ന തട്ടേക്കാട് പക്ഷി സങ്കേതം, അടിമാലി റേഞ്ചിൽപ്പെട്ട പൊൻമുടി തേക്ക് പ്ലാന്റേഷൻ എന്നിവിടങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങളാണ് വെട്ടി കടത്തിയത്.തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും എൺപത് മരങ്ങളാണ് മുറിച്ചതായാണ് വിവരം. വരും ദിവസങ്ങളിൽ ഇവിടെയും സംഘം പരിശോധന നടത്തും. കോതമംഗലം ഫ്‌ളയിംഗ് സ്ക്വാസ് ഡി.എഫ്.ഒ സജി വർഗ്ഗീസ്, പെരുമ്പാവൂർ ഫ്‌ളയിംഗ് സ്ക്വാസ് റേഞ്ച് ഓഫീസർ സിന്ദുമതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.