kattappana
കട്ടപ്പന നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്.

കട്ടപ്പന: ലോക്ക്ഡൗണിലെ ഇളവ് ദിനം ജനം ആഘോഷമാക്കി. കൊവിഡ് ഇന്നലെ 'അവധി'യായിരുന്നെന്ന വിധത്തിലായിരുന്നു ടൗണുകളിലേക്കുള്ള ആളുകളുടെ കുത്തൊഴുക്ക്. പൊലീസും ആരോഗ്യ പ്രവർത്തകരും നിർദേശിച്ച നിയന്ത്രണങ്ങളെല്ലാം മറന്ന് ആളുകൾ ഒത്തുകൂടി. കട്ടപ്പന നഗരത്തിൽ രാവിലെ മുതൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇടുക്കിക്കവല മുതൽ സെൻട്രൽ ജംഗ്ഷൻ വരെ പലസമയങ്ങളിലും ഗതാഗതം മുടങ്ങി. സാധാരണ ദിവസങ്ങളിലേതുപോലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വൈകിട്ട് വരെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
മൊബൈൽ ഫോൺ കടകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. അദ്ധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്കായി മൊബൈൽ ഫോൺ വാങ്ങാനെത്തിയവരായിരുന്നു ഏറെയും. കൂടാതെ നെറ്റ്‌വർക്കിലെ തകരാറിനെ തുടർന്ന് പലരും മെച്ചപ്പെട്ട കവറേജ് ഉള്ള നെറ്റ്‌വർക്കിലെ സിം കാർഡുകളും വാങ്ങി. കൂടാതെ പലചരക്ക് പച്ചക്കറി കടകൾ, വസ്ത്ര ശാലകൾ, ചെരുപ്പ് കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു. ഭൂരിഭാഗം പേരും ഒരു മാസത്തേയ്ക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്.
ഒരു മാസത്തിന് ശേഷം ലഭിച്ച 'സ്വാതന്ത്ര്യം' ടൗണുകളിൽ ജനം ആഘോഷിച്ചു. ഇളവുകളിൽ സാമൂഹിക അകലമെല്ലാം മറന്നു. വാഹനങ്ങൾ ഒഴുകിയെത്തി ഗതാഗതം തടസപ്പെട്ടതോടെ പലസമയങ്ങളിലും പൊലീസ് പരിശോധന താത്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു. ഹൈറേഞ്ചിലെ മറ്റ് ടൗണുകളിലും സമാന സ്ഥിതി.