അടിമാലി :അടിമാലി റേഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് മുറിച്ച് കടത്തിയത് 5 തേക്കു മരങ്ങൾ. മരങ്ങൾ മുറിക്കുന്നതിന് ഭൂമിയുടെ സ്റ്റാറ്റസ് ആവശ്യപ്പെട്ട് ഭൂഉടമയും വനംവകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. എന്നാൽ മങ്കുവ പ്രദേശം ഉൾപ്പെടുന്ന കൊന്നത്തടി വില്ലേജിൽ നിന്ന് ഇതിനുള്ള അനുമതി നൽകിയിട്ടില്ലെന്ന് വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ പറഞ്ഞു. പിന്നീട് റവന്യു പുറമ്പോക്കിൽ നിൽക്കുന്ന 2 തേക്ക് മരങ്ങൾ മുറിച്ചു കടത്തുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതോടെ ജില്ല കളക്ടർ ഇടപെട്ട് മുറിച്ചിട്ട മരങ്ങൾ കടത്തിക്കൊണ്ടു പോകുന്നത് തടഞ്ഞു. എന്നാൽ ഇതിൽ ഒരു മരം കളക്ടറുടെ സ്റ്റേ ഉത്തരവ് വരുന്നതിനു മുൻപായി വനം വകുപ്പ് ഉദ്യോഗസ്ഥരും തടി വ്യാപാരികളും ചേർന്ന് കടത്തിയിരുന്നു. 120 ഇഞ്ച് വണ്ണമുള്ള തേക്കുതടി ഇപ്പോഴും ഇവിടെ കിടക്കുന്നുണ്ട്. ഇതിലും വലിയ മരമാണ് കടത്തിക്കൊണ്ടു പോയത്. സമീപ പഞ്ചായത്തിലെ തടി മില്ലിൽ എത്തിച്ച് ഉരുപ്പടിയാക്കിയാണ് തടി കടത്തിയതെന്നും നാട്ടുകാർ പറഞ്ഞു. ഇതോടൊപ്പം പട്ടയ ഭൂമിയിൽ നിന്ന് സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ 10 ലേറെ തേക്കുമരങ്ങളും വെട്ടി കടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിനിടെ സംഭവം സംബന്ധിച്ച് വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്