കറുകച്ചാൽ: വീട്ടുകാർ നോക്കി നിൽക്കെ, മുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച അരുവിത്തുറ പുത്തൻപുരയ്ക്കൽ പി.എ.അഫ്‌സൽ (22), അരുവിത്തുറ ആനിപ്പടി ചിന്നപ്പറമ്പിൽ ഉബൈദ് (20) എന്നിവർ പിടിയിലായി. കങ്ങഴ പ്ലാക്കൽപടി ജേക്കബ് ജോസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് കഴിഞ്ഞയാഴ്ച ഇരുവരും ചേർന്ന് മോഷ്ടിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്ത് കൊണ്ടു പോകുന്നത് വീട്ടുകാർ കണ്ടിരുന്നു. പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് ദിവസം മുൻപ് ഈരാറ്റുപേട്ടയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ ഇരുവരും പിടിയിലായിരുന്നു. വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസ് എത്തി ഇവരെ തിരിച്ചറിഞ്ഞു. ഉബൈദിന്റെ വീടിന്റെ പുറകിലെ തോട്ടത്തിൽ നിന്ന് സ്‌കൂട്ടർ കണ്ടെത്തി. ഇവരുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.