ചങ്ങനാശേരി: തെങ്ങണ ജംഗ്ഷനിൽ വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. ഓടകൾ നവീകരിച്ചു സ്ലാബുകൾക്കിടയിൽ ഗ്രില്ലിട്ട് വെള്ളം ഓടകളിലേക്ക് ഇറങ്ങുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പൊതുമരാമത്ത് വിഭാഗത്തോട് നിർദ്ദേശിച്ചു. കനത്ത മഴയിൽ

വാഹനങ്ങൾ കടന്നു പോവുമ്പോൾ മലിനജലം വ്യാപാര സ്ഥാപനങ്ങളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും തെറിച്ചു വീഴുന്നത് പതിവായിരുന്നു. ഇതിനെതിരെ പലതവണ വ്യാപാരികൾ പരാതി നൽകിയിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ചാർളി എന്നിവർ എം.എൽ.എയ്ക്കു ഒപ്പമുണ്ടായിരുന്നു.