bus

കുറവിലങ്ങാട്: കൊവിഡിന്റെ രണ്ടാം വരവിൽ തകർന്നടിഞ്ഞിരിക്കുകയാണ് സ്വകാര്യ ബസ് മേഖല. ബസുകളുടെ ഓട്ടം നിലച്ചതോടെ നികുതിയും ഇൻഷുറൻസും അടയ്ക്കാൻ മറ്റ് ജോലികൾ തേടി ഇറങ്ങേണ്ട അവസ്ഥയിലാണ് ഉടമകൾ. ചിലർ സാമ്പത്തിക സ്ഥിതി മോശമായപ്പോൾ വാഹനങ്ങൾ വിറ്റു. മറ്റ് ചിലർ പലിശക്കാർക്ക് വാഹനം തിരികെ നൽകി ഈടുവെച്ച മുതൽ തിരികെയെടുക്കാനുുള്ള തത്രപ്പാടിലാണ്. ബസ് ഉടമകളായതിനാൽ ഉള്ളിലെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും പുറത്തു കാണിക്കാനാകാതെ ലോക്കായിരിക്കുകയാണ് മുതലാളിമാർ. സർക്കാരിന്റെയോ സന്നദ്ധ സംഘടനകളുടെയോ സഹായങ്ങളുമെത്തില്ല. ബസുകളിലെ ജീവനക്കാരിപ്പോൾ പെയിന്റിംഗിനും കോൺക്രീറ്റിംഗ് ജോലികൾക്കും പോകുകയാണ്.

ഒരു സ്വകാര്യ ബസിന് കൊവിഡിന് മുമ്പ് ദിവസേന ശരാശരി 6,000 മുതൽ 8,000 രൂപ വരെയായിരുന്നു പ്രതിദിന വരുമാനം. കൊവിഡിൽ നേരെ പകുതയായി. ജീവനക്കാർക്ക് ശമ്പളത്തിനായി പ്രതിദിനം 2, 500 രൂപ വരെ നീക്കിവക്കണം. ദിവസേന 800 ഉം, 900 ഉം രൂപ കൂലി വാങ്ങിയിരുന്ന തൊഴിലാളികൾ ജോലി നഷ്ടമാകാതിരിക്കാൻ അതു പകുതിയായി കുറച്ചു. എന്നിട്ടും ഓട്ടം അവസാനിപ്പിക്കുമ്പോഴേക്കും ഉടമകൾക്ക് സ്വന്തം കൈയിൽ നിന്ന് കാശെടുക്കേണ്ട അവസ്ഥയുണ്ടായി. കൊവിഡിന് മുൻപ് ലിറ്ററിന് 63 രൂപയുണ്ടായിരുന്ന ഡീസൽ വില ഇന്ന് 92 രൂപയ്ക്ക് അടുത്തെത്തി. ദിവസേന ശരാശരി 60 ലിറ്റർ ഡീസലാണ് പ്രാദേശിക സർവീസുകൾ ഉപയോഗിക്കുന്നത്. നിലവിൽ ബസ് ഓടിയാലും ഇന്ധന ചിലവ് കഴിഞ്ഞാൽ മിച്ചമൊന്നും കാണില്ല. ബസുകൾക്ക് മൂന്നു മാസം കൂടുമ്പോൾ 23, 000 രൂപയാണ് നികുതി. ഇതിലും നിലവിൽ ഇളവുകളൊന്നും ലഭിച്ചിട്ടില്ല.

ബസ് വ്യവസായം ചെറിയ രീതിയിലെങ്കിലും പുനരാരംഭിക്കണമെങ്കിൽ ചെലവാക്കേണ്ടത് വൻതുകയാണ്. ടയർ, ബാറ്ററി, എ.സി തുടങ്ങിയ അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ വാഹനം വീണ്ടും നിരത്തിലിറക്കാനാകൂ. ബാറ്ററി ചാർജിംഗ് ജോലി, വാഹനങ്ങളുടെ ബെൽറ്റ് മാറൽ തുടങ്ങിയ ജോലികളുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാൽ ഒരു മാസം കൊണ്ട് വലിയ നഷ്ടമാണ് അറ്റകുറ്റപണികൾക്ക് മാത്രം ഉണ്ടാകുക. സ്വകാര്യ ബസുകൾക്ക് ശരാശരി 15,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയാലേ നിരത്തിലിറങ്ങാനാകൂ. 2020ലെ ലോക്ക്ഡൗണിനു ശേഷം 400-500 ബസുകൾ റോഡിലിറക്കിയിട്ടില്ല. ഇതിലെ തൊഴിലാളികൾ കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് ചേക്കേറി.