veg

കോട്ടയം: കൊവിഡിലെ ഓണക്കാലം പച്ചക്കറിയിൽ സ്വയംപര്യാപ്തമാകാനുള്ള വലിയശ്രമത്തിലാണ് കൃഷിവകുപ്പ്. ചരിത്രത്തിൽ ആദ്യമായി ഏറ്റവും അധികം സ്ഥലങ്ങളിലേയ്ക്ക് കൃഷിവ്യാപിപ്പിച്ചുകൊണ്ടാണ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഇക്കുറി വിപുലീകരിക്കുന്നത്. ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലായതോടെ വീട്ടുകൃഷിക്ക് ആളുകൾ സ്വയം തയ്യാറായി എത്തുന്നുമുണ്ട്.

മറുനാടൻ പച്ചക്കറികൾ പരമാവധി അകറ്റിനിറുത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 3 ലക്ഷം പായ്ക്കറ്റ് പച്ചക്കറി വിത്തുകളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷം വിത്തുകളാണ് അധികമായി വിതരണം ചെയ്യുന്നത്. ഇതിന് പുറമേ പച്ചക്കറിതൈകളും നൽകും. ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിച്ചതും ഗുണകരമായെന്നാണ് കൃഷിവകുപ്പിന്റെ നിഗമനം.

ഇതിന് പുറമേ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും കൃഷി പുരോഗമിക്കുന്നുണ്ട്. കാർഷിക കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അയൽക്കൂട്ടങ്ങളുമെല്ലാം ഇത്തരത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. വാഴ, കപ്പ തുടങ്ങിയ കൃഷികൾക്കാണ് പലയിടങ്ങളിലും സുഭിക്ഷ കേരളം പദ്ധതിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. തരിശ് രഹിത കൃഷിയുടെ ഭാഗമായി പുതുതമായി 85 ഹെക്ടറിലും കൃഷി ആരംഭിക്കുന്നുണ്ട്. മുമ്പ്, ഒരു മൂടു പാവൽ, പയർ, രണ്ടു ചീനി എന്നിങ്ങനെയാണ് കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന എല്ലാ ഇനങ്ങളും ഗ്രോബാഗുകളിലും പോളിഹൗസുകളിലുമായി കൃഷി ചെയ്യുന്നുണ്ട്. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതെന്നതിനാൽ മികച്ച വിളവും ലഭിക്കുന്നതായി വീട്ടമ്മമ്മാർ പറയുന്നു.

വീട്ടുകൃഷിയിൽ മുന്നേറ്റം

 ലോക്ക് ഡൗൺ വിരസതയകറ്റാൻ കൃഷിയിലേയ്ക്ക്

വരവ് പച്ചക്കറികളുടെ ലഭ്യതക്കുറവും വിഷവും

 ജൈവ പച്ചക്കറികളോട് കൂടുതൽ താത്പര്യം

വിതരണം ചെയ്യുന്നത്

 3 ലക്ഷം പായ്ക്കറ്റ് വിത്തുകൾ

 15 ലക്ഷം പച്ചക്കറി തൈകൾ

'' ലോക്ക് ഡൗൺകാലം കാർഷിക മേഖലയ്ക്ക് വൻമുന്നേറ്റമുണ്ടായിട്ടുണ്ട്. എല്ലാവരും പരമാവധി കൃഷിയിൽ മുഴുകിയിട്ടുണ്ട്. വിത്തിനും തൈയ്ക്കും ആവശ്യക്കാർ ഏറെയാണ്''

- അനിൽ വറുഗീസ്, കൃഷി വകുപ്പ്

 ആവശ്യക്കാർക്കെല്ലാം

വിത്തുകളും തൈകളും

ആവശ്യക്കാർക്കെല്ലാം വിത്തുകളും തൈകളും ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവ വേണ്ടവർ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. അവിടെ നിന്ന് ലഭിക്കുന്നില്ലെങ്കിൽ ജില്ല കൃഷി ഒാഫീസിൽ പരാതിപ്പെടാവുന്നതാണ്.