കോട്ടയം: കാണാതായ യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സെന്റ് തോമസ് സ്‌കൂളിനു സമീപം കളരിക്കൽ കാർത്തികയിൽ പ്രശാന്ത് രാജിനെ (36) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ രാവിലെ 11 മണിയോടെയാണ് മുടിയൂർക്കര - ചാത്തുണ്ണിപ്പാറ റോഡിൽ ഡോക്‌ടർമാരുടെ ക്വാർട്ടേഴ്‌സിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കളക്‌ടറേറ്റിലെ കൊവിഡ് സെന്ററിൽ താല്‌കാലിക ജീവനക്കാരനായിരുന്നു പ്രശാന്ത്. വെള്ളിയാഴ്‌ച രാവിലെ ജോലിയ്‌ക്കായി വീട്ടിൽ നിന്നും പോന്ന പ്രശാന്ത് രാത്രി വൈകിയും തിരികെയെത്തിയില്ല.തുടർന്ന്, ഇന്നലെ രാവിലെ ഭാര്യ പാർവതി കുടുംബാംഗങ്ങളോടൊപ്പം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടെ പ്രശാന്ത് റെന്റിനെടുത്തിരുന്ന ഇന്നോവ കാർ ഗാന്ധിനഗർ ഭാഗത്തു കൂടി പോയതായി പൊലീസിനു വിവരം ലഭിച്ചു. വിദേശത്തു നിന്നെത്തിയ സഹോദരനു വേണ്ടിയാണ് പ്രശാന്ത് ഇന്നോവ വാടകയ്‌ക്ക് എടുത്തിരുന്നത്. സമയം കഴിഞ്ഞിട്ടും പ്രശാന്തിനെ കാണാതെ വന്നതോടെ ഉടമ ജി.പി.എസ് സംവിധാനം വഴി തെരഞ്ഞ് കാർ കണ്ടെത്തുകയും വീണ്ടെടുത്തുകൊണ്ടുപോവുകയുമായിരുന്നു. കാർ ഇട്ടിരുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.