ആയാംകുടി : കൊവിഡ് കാലത്ത് ആയാംകുടി ഗ്രാമത്തിന് കൈത്താങ്ങായി 'എന്റെ ആയാംകുടി' വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ 'നന്മ ചാരിറ്റി വിംഗ്'. സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന ആയാംകുടിയിലെ ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ 2020 ൽ ആരംഭിച്ച ഗ്രൂപ്പ് നിരവധി ചികിത്സാസഹായ പദ്ധതികൾ ഏറ്റെടുത്തു. ചാരിറ്റി പ്രവർത്തങ്ങൾക്ക് മാത്രമായി 2021 ൽ ആരംഭിച്ച 'നന്മചാരിറ്റി വിംഗ്' കഴിഞ്ഞ ദിവസം ആയാംകുടി നാല് സെന്റ് കോളനിയിലെ 60 കുടുബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയിതു. 15-ാം വാർഡിലെ 4 സെന്റ് കോളനയിൽ ഏകദേശം 23 പേർ കൊവിഡ് പോസിറ്റീവാണ്. കണ്ടെയ്ൻമെന്റ് സോണായതോടെ ഇവരുടെ ദുരിതം ഇരട്ടിയായി. പലരും കൂലിവേല ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇതോടെയാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. ഒരു ദിവസം കൊണ്ടാണ് കിറ്റുകൾ വിതരണം ചെയ്തത്. രോഗിയായബാധിതരായിട്ടുള്ള മറ്റു പല ഭവനങ്ങളിലും ഭക്ഷ്യ കിറ്റുകൾ നൽകി. കഴിഞ്ഞ ഒരു വർഷക്കാലം മൂന്ന് ലക്ഷം രൂപയുടെ ചികിത്സാസഹായ പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പാക്കിയത്. വാർഡംഗം പൗളി ജോർജ്ജ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫീസർ എ.കെ. പ്രവീൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു. സുബാഷ് ഇലിപ്പടിക്കൽ, ഷൈജു തങ്കപ്പൻ വെള്ളൂപറമ്പിൽ, ജയൻ വി. ചന്ദ്രൻ വെളുത്തേടത്തുപറമ്പിൽ, സൈജു ജോസഫ് കോളാട്ടിൽ, ദിപു തോമസ് കോളാട്ടിൽ, ഉദയ കുമാർ ആയാംകുടി, സോളി കുര്യൻ തൈമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.