കാഞ്ഞിരപ്പള്ളി : മെറ്റിൽ ഇളകി തകർന്ന് തരിപ്പണമായി കിടക്കുന്ന ഈ റോഡിലൂടെ എങ്ങനെ നീതി തേടി ഒരാളെത്തും. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്റെ പടികൾ കടന്ന് എത്താൻ ദുർഘടമായ പാത താണ്ടേണ്ട ഗതികേടിലാണ് ജനങ്ങൾ. നീതിനിർവഹണം നടത്താൻ പൊലീസും പെടാപ്പാടിലാണ്. ഏറെനാളായി തരിപ്പണമായി കിടക്കുന്ന റോഡിലൂടെ കാൽനടയാത്ര തീർത്തും അസാദ്ധ്യമായ നിലയിലാണ്. സ്വകാര്യ റോഡായതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് പോലും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ. കുരിശുങ്കൽ ജംഗ്ഷനിൽ ദേശീയപാതയിൽ നിന്ന് പഴയ താലൂക്ക് ഓഫീസിലേക്കുള്ള വഴിയിലാണ് പൊലീസ് സ്റ്റേഷൻ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. കുരിശുങ്കൽ ജംഗഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റോഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുകൂടി കടന്നുപോവുന്ന പുത്തനങ്ങാടി റോഡിലാണ് എത്തിച്ചേരുന്നത്. ദിനംപ്രതി നിരവധിപ്പേരാണ് വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നത്. പ്രായമായവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പലരും വാഹനം ദൂരെ പാർക്ക് ചെയ്താണ് ഇവിടേക്കെത്തുന്നത്. പൊലീസ് വാഹനങ്ങളും കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
കുട്ടികളും 'ക്ഷ" വരയ്ക്കും
ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നില്ലെങ്കിലും സെന്റ് ഡൊമിനിക്‌സ് ഹയർസെക്കൻഡറി സ്‌കൂളിലേക്കെത്തുവാനുള്ള
വഴിയും ഇതാണ്. ക്ലാസ് തുടങ്ങിയാൽ എങ്ങനെ പോകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.ഇതിന് മുൻപായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.