കോട്ടയം : കേരള കോൺഗ്രസ് എമ്മിനെയും, ചെയർമാൻ ജോസ് കെ മാണിയെയും കുറിച്ച് വില കുറഞ്ഞ പ്രസ്താവന നടത്തി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന മോൻസ് ജോസഫ് എം.എൽ.എ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം ആവശ്യപ്പെട്ടു. 2010ൽ കെ.എം. മാണിയുടെ മഹാമനസ്കത കൊണ്ടാണ് പാർട്ടിയിൽ ജോസഫ് പക്ഷത്തെ ചേർത്തത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മോൻസ് ജോസഫ് അടക്കം പലരും നിയമസഭ കാണില്ലായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച നാമമാത്ര ഭൂരിപക്ഷം താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. പാർട്ടി പിളർപ്പിനുശേഷം പ്രതിസന്ധികളെ അതിജീവിച്ച് അഞ്ച് എം.എൽ.എമാരും, ഒരു എം.പിയും, മന്ത്രിസ്ഥാനവും, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും വഹിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാൻ മോൻസ് തുനിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.