കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ വികസനത്തിനും നവീകരണത്തിനും പദ്ധതി തയ്യാറായതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കുമരകം സി.എച്ച്.സിയിൽ പത്ത് ഐസൊലേഷൻ വാർഡും, ആർപ്പൂക്കരയിൽ അടിയന്തരമായി പി.എച്ച്.സിയും, കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനായി ഐ.സി.എച്ചിൽ വെന്റിലേറ്ററുകളും, ഓക്‌സിജൻ പ്ലാന്റും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറാവണമെന്ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടും മന്ത്രി അഭ്യർത്ഥിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമരകം കോണത്താറ്റ് പാലത്തിന്റെ ടെൻഡർ നടപടികളിലേക്ക് അടുത്ത ആഴ്ച കടക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കുമരകം കരിയിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികളും ആരംഭിക്കും.

കൊവിഡ് നിയന്ത്രണങ്ങൾ മാറിയാലുടൻ അതിരമ്പുഴ നഗരവികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കും. സ്ഥലം ഏറ്റെടുക്കുന്നതിനായി യോഗം വിളിക്കും. അയ്മനത്ത് റീബിൽഡ് കേരളയിൽ ടെൻഡർ ചെയ്ത റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി.ബിന്ദു, റോസമ്മ സോണി, എം.ജി.ഹൈമി , ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്നു തുടങ്ങിയവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബ്ളോക്ക് പഞ്ചായത്തിന്റെ വിഹിതമായി അഞ്ചുലക്ഷം രൂപയും മറ്റ് അംഗങ്ങളുടെ വിഹിതവും മന്ത്രി ഏറ്റുവാങ്ങി.