ചങ്ങനാശേരി : മത്സ്യ വളർത്തൽ മേഖലയിൽ പുതുതായി എത്തിയ ബയോ ഫ്ലോക്ക് ടാങ്കുകളിലെ മീൻകൃഷി കർഷകർക്ക് ഗുണപ്രദമാകുന്നില്ലെന്ന് ആക്ഷേപം. മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മ ജീവികൾ അടങ്ങുന്ന ആഹാരസാധനങ്ങൾ ടാങ്കിൽ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളർത്തുന്നത് വഴി കൃത്രിമ തീറ്റയുടെ അളവു കുറച്ച് കൃഷി ലാഭകരമാക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാൽ സൂക്ഷ്മ ജീവികളെ സൃഷ്ടിക്കുന്നതിന് കർഷകർക്ക് അധികച്ചെലവാണെന്നാണ് പരാതി.
ലാക്ടോബാസിലസ് ബാക്ടീരിയയെയാണ് തീറ്റയായി നൽകുന്നത്. കുറച്ച് വെള്ളത്തിൽ കൂടുതൽ മത്സ്യം വേഗത്തിൽ വളരുമെന്നതാണ് പ്രത്യേകത. തൈര്, കള്ള്, പഴങ്ങൾ തുടങ്ങിയവ കെട്ടിവെച്ചാണ് ബാക്ടീരിയയെ ഉത്പാദിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റ ആനുകൂല്യങ്ങൾ കൂടുതലും ലഭിക്കുന്നതും ഇത്തരം മത്സ്യകൃഷിക്കാണ്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന സുഭിക്ഷ കേരളം തുടങ്ങിയ പദ്ധതികൾ വഴി നിരവധി കർഷകരാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. 60 ശതമാനം സർക്കാർ സബ്‌സിഡിയും കർഷകർക്ക് ലഭിക്കുന്നുണ്ട്.
ടാങ്ക് നിർമ്മാണത്തിന് സർക്കാർ കണക്കാക്കിയ തുകയേക്കാൾ അധികമായതും ഇത്തരം ടാങ്കുകളിൽ വളർത്തുന്ന മീനുകളുടെ വിലക്കുറവും പരിപാലനത്തിന് വന്ന അധികച്ചെലവും കർഷകരെ കടുത്ത സാമ്പത്തിക ബാധ്യതയിലെത്തിച്ചിരിക്കുകയാണ്
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
വളർത്താം രണ്ടായിരത്തോളം മത്സ്യം
പ്ലാസ്റ്റിക് ഷീറ്റിൽ ഉണ്ടാക്കുന്ന ടാങ്കിലാണ് കൃഷി. ഇത്തരത്തിലുള്ള ടാങ്കിൽ രണ്ടായത്തിരത്തോളം മത്സ്യങ്ങളെ വളർത്താം. ടാങ്കിന്റെ വലിപ്പം അനുസരിച്ച് മത്സ്യങ്ങളുടെ എണ്ണത്തിലും വ്യത്യാസം വരും. ആറാം മാസത്തിൽ വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി. ടാങ്കിൽ മുഴുവൻ സമയവും ഓക്‌സിജൻ ലഭിക്കണം. കൂടെക്കൂടെ വെള്ളം മാറ്റേണ്ടതില്ല. വല്ലപ്പോഴും അടിഭാഗത്തെ ചെളിനീക്കിയാൽ മതി. ഈ ടാങ്കിൽ തുടർച്ചായായി കൃഷിയും നടത്താം.