പാലാ : നഗരത്തിലെയും സമീപപഞ്ചായത്തിലെയും ജനങ്ങളുടെ മുഖ്യആവശ്യമായ വാതക ശ്മശാനത്തിന് അവസാനം പച്ചക്കൊടി. പാലാ പൊതു ശ്മശാനം വാതകത്തിൽ പ്രവർത്തിപ്പിക്കുന്നതിനാണ് അനുമതി. ഇതിനായി കേന്ദ്രത്തിൽ നിന്നു ലഭിച്ച ഒന്നരക്കോടിയോളം രൂപയിൽ 25 ലക്ഷം ചെലവഴിക്കും. കൊവിഡ് സാഹചര്യത്തിൽ വിവിധ പഞ്ചായത്തിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും സംസ്‌കരിക്കുന്നതിനായി പാലാ പൊതു ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളിൽ കാര്യമായ വർദ്ധനവുള്ളതിനാലാണ്, നഗരസഭ ഭരണസമിതി ഈ തീരുമാനം എടുത്തതെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു. ഇത് സംബന്ധിച്ച് നഗരസഭ തയ്യാറാക്കിയ 25 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. നിലവിലുള്ള അവസ്ഥയിൽ ഒരു ദിവസം പരമാവധി 2മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്‌കരിക്കാൻ നിർവാഹമുള്ളൂ. മൃതദേഹങ്ങൾ പലതും മോർച്ചറിയിൽ സൂക്ഷിക്കേണ്ട സാഹചര്യമാണ്. കേന്ദ്ര ധനകാര്യ കമ്മിഷനിൽ നിന്ന് കിട്ടിയ ഒന്നരക്കോടിയിൽപ്പരം രൂപ ശുചിത്വ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നതിനൊപ്പം മുഴുവൻ കൗൺസിലർമാരുടെയും അഭിപ്രായത്തോടെ കൂടുതൽ തുക പൊതുശ്മശാനത്തിനായി മാറ്റിവയ്ക്കുകയാണുണ്ടായതെന്നും ചെയർമാൻ പറഞ്ഞു.