കുമരകം : അപകടാവസ്ഥയിലായ കുമരകം, വിരിപ്പുകാല , കൈപ്പുഴമുട്ട് പ്രദേശങ്ങളിലെ റോഡരികിലുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റണമെന്ന് ഗുരുദേവ പ്രചരണസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ ശിഖരങ്ങൾ വെട്ടിമാറ്റാത്തതു മൂലം അപകട സ്ഥിതിയിലാണ് നിലവിൽ പല മരങ്ങളും. വിരുപ്പകാലായിലെ ശിവഗിരി മഠം ശാഖാ സ്ഥാപനമായ ശ്രീനാരായണ കേന്ദ്രത്തോട് ചേർന്ന് റോഡരികിൽ ചെരിഞ്ഞ് നിൽക്കുന്ന തണൽ മരം ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. ഇത് മുറിച്ച് മാറ്റാൻ അധികൃതർ തയ്യാറാകണമെന്ന് സഭ പി.ആർ. ഒ ഇ.എം.സോമനാഥൻ , ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം എന്നിവർ ആവശ്യപ്പെട്ടു.