പാലാ : ഈ മരങ്ങൾ ഒടിഞ്ഞ് ആരുടെയെങ്കിലും ദേഹത്ത് വീഴണം. ഇല്ലെങ്കിൽ അന്ത്യാളം ആശുപത്രിയുടെയോ അടുത്തുള്ള വീടിന്റെയോ മേൽക്കൂരയിൽ വീഴണം, എന്നാലേ ഉണരൂ അധികൃതർ. അന്ത്യാളം പ്രാഥമികാരോഗ്യകേന്ദ്ര കവാടത്തിലെ ചുവടു ദ്രവിച്ച പാഴ്മരങ്ങളാണ് ആശങ്കക്കിടയാക്കുന്നത്. ഇവ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് കരൂർ ഗ്രാമപഞ്ചായത്ത് അധികാരികൾ പലതവണ പി.ഡബ്ല്യു.ഡി.യ്ക്ക് കത്തു നൽകിയിട്ടും ഫലമുണ്ടായില്ല. കൊവിഡ് കാലമായതിനാൽ അന്ത്യാളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വാക്‌സിനേഷൻ എടുക്കുന്നതിനും കൊവിഡ് പരിശോധനയ്ക്കായും സ്ത്രീകളും വൃദ്ധരുമുൾപ്പെടെയുള്ളവരും എത്തുന്നുണ്ട്. പ്ലാസ്റ്റിക് വടത്തിന്റെ ബലത്തിലാണ് മരം നിലംപൊത്താതെ നിൽക്കുന്നത്. രണ്ടു മരങ്ങളിൽ ഒന്നിന്റെ ചുവടു പാടെ ദ്രവിച്ച നിലയിലാണ്. രോഗികളുമായി എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നത് ഇതിനു കീഴിലാണ്. അപകടം മനസിലാക്കാതെ പലരും ഇതിനു ചുവട്ടിൽ കാത്തിരിക്കുന്നുമുണ്ട്. ഉണങ്ങിയ വട്ടമരത്തിന്റെ കമ്പുകൾ പലപ്പോഴായി ആശുപത്രി മുറ്റത്ത് പതിക്കുന്നുണ്ട്.
ഉടൻ മുറിച്ച് മാറ്റും
അന്ത്യാളം, മുത്തോലി ഉൾപ്പെടെ പല ഭാഗങ്ങളിൽ പ്രീ മൺസൂൺ വർക്കിൽപ്പെടുത്തി മര ശിഖരങ്ങൾ മുറിയ്ക്കാൻ ടെൻഡറായിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി പാലാ അസി.എൻജിനിയർ അനു പറഞ്ഞു. ചുവടുകൾ ദ്രവിച്ചതിനാൽ അന്ത്യാളത്തുള്ള ഇരട്ടമരങ്ങൾ ചുവടേ മുറിയ്‌ക്കേണ്ടി വരും. എത്രയും വേഗം ഇത് പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു.