വാഴൂർ : കൊവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്ക് ഓൺലൈനായി ഫിസിയോതെറാപ്പി ചികിത്സ മാർഗ്ഗനിർദ്ദേശങ്ങൾ സൗജന്യമായി നൽകുന്ന ഉന്നതി പദ്ധതിക്ക് ഇന്ന് വാഴൂർ പഞ്ചായത്തിൽ തുടക്കമാകും. രാവിലെ 10.30 ന് മന്ത്രി വി.എൻ.വാസവൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ വാഴൂരിൽ ആണ് ആദ്യമായി പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓർഡിനേഷൻ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശാ പ്രവർത്തകർ മുഖേന ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറും. പരിശീലകരുടെ ഫോൺ നമ്പറിൽ ഏതു സമയത്തും ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. പരിശീലനം സൗജന്യമാണ്.