ചങ്ങനാശേരി : ജനറൽ ആശുപത്രിയിൽ അത്യാധുനിക രീതിയിൽ രോഗീസൗഹൃദ ഔട്ട് പേഷ്യന്റ് വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ആർദ്രം പദ്ധതിയിൽ അനുവദിച്ച 2.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ ആരംഭിക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. നാഷണൽ ഹെൽത്ത് മിഷൻ കൺസൾട്ടന്റ് എൻജിനിയർ രഞ്ജിനി രാജ്, കേന്ദ്രഗവൺമെന്റ് ഏജൻസിയായ വാസ്‌കോസ് ആർകിടെക് രശ്മി രാജ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ആശുപത്രിയിൽ സന്ദർശനം നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.പി.ആർ ഭരണാനുമതിയ്ക്കായി സമർപ്പിക്കും. സെൻട്രലൈസ്ഡ് ഒ.പി ഡിപ്പാർട്ട്‌മെന്റിന്റെ നിർമ്മാണം ആയിരിക്കും പദ്ധതിയുടെ മുഖ്യ ആകർഷണം. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയ ശേഷം ഇ-ഹെൽത്ത് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സജ്ജമാക്കുന്ന വിവിധ മോണിറ്ററുകളിൽ രോഗികൾക്കുള്ള എല്ലാ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. ജനറൽ ആശുപത്രിക്ക് അനുവദിച്ച ഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു.