skm

കോട്ടയം: കൊവിഡ് കാലത്ത് ഓൺലൈൻ പഠന രംഗത്ത് വേറിട്ട മാതൃകയായി കുമരകം ശ്രീ കുമാരമംഗലം പബ്ലിക് സ്‌കൂൾ. കഴിഞ്ഞ അദ്ധ്യയന വർഷം തന്നെ വെർച്വൽ അസംബ്ളി, ഫിറ്റ് ഇന്ത്യാ പ്രോഗ്രാം,ഒാൺലൈൻ പി.ടി.എ. മീറ്റിംഗുകൾ, വാഷികാഘോഷം തുടങ്ങിയവ മുടങ്ങാതെ നടത്താനും ഈ സ്‌കൂളിന് സാധിച്ചു.
സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഇതെല്ലാം സംഘടിപ്പിക്കുന്നത്. ക്ലാസ്സുകൾ ആരംഭിക്കുന്നതു തന്നെ പുലർച്ചെയുള്ള യോഗ, ഏറോബിക് ക്ലാസുകളിലൂടെയാണ്. ഫാമിലി എക്‌സർസൈസിംഗ് എന്ന്‌ പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഞായറാഴ്ചകളിലും 'ഗൂഗിൾ സല്ലാപം' എന്നപേരിൽ ഒരു ഓൺലൈൻ പ്രോഗ്രാമും കുട്ടികൾക്കായി നടത്തുന്നുണ്ട്. പഠനത്തിനപ്പുറം കുട്ടികളെ അടുത്തറിയുന്നതിനും അവരുടെ വിവിധ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി കളിയും ചിരിയും ചിന്തകളുമായി കുറച്ചുനേരം എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ഇത്തവണ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ ലൈവായിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികളുടെ ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. പരീക്ഷകൾ,ഹോം വർക്കുകൾ, നോട്ടുകൾ എല്ലാം ഈ പ്ലാറ്റ്‌ഫോമിൽ സാദ്ധ്യമാണ്. ഇവയെല്ലാം അദ്ധ്യാപകർ സമയബന്ധിതമായി പരിശോധിച്ച് മടക്കി നൽകും.
ഒരു ടെക്‌നിക്കൽ ടീമാണ് ഇതിന്റെയെല്ലാം ഏകോപനം നിർവഹിക്കുന്നത്. കുട്ടികൾക്ക് മികച്ച പഠന അന്തരീക്ഷം ഉറപ്പുവരുത്താൻ സ്‌കൂൾ മാനേജ്‌മെന്റും സീനിയർ പ്രിൻസിപ്പൽ വി.കെ.ജോർജും പ്രത്യേകം ശ്രദ്ധിക്കുന്നു.