കുമരകം : പണം അടച്ചിട്ടും തെരുവ് വിളക്കുകൾ സ്ഥാപിച്ചില്ലെന്ന് പരാതി. അയ്മനം പഞ്ചായത്തിലെ ഒന്ന്, ഇരുപത് വാർഡുകളിലെ പ്രദേശങ്ങളിൽ വിളക്കും മറ്റ് അനുബന്ധന പ്രവർത്തനങ്ങളും നടത്തുന്നതിനായി 2018 ൽ 15 ലക്ഷം രൂപ പഞ്ചായത്ത് അടച്ചെങ്കിലും പണികൾ കെ.എസ്.ഇ.ബി ഇതുവരെ പൂർത്തീകരിച്ചില്ലെന്നാണ് ആക്ഷേപം. പദ്ധതിയിൽ ഉൾപ്പെട്ട കോലടിച്ചിറ ഒളോക്കിരി റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇതുവരെ ആരംഭിക്കാത്തത്. ഇവിടെത്തെ ജോലികൾക്കായി എത്തിച്ച സാമഗ്രികൾ കഴിഞ്ഞ കൊടുങ്കാറ്റിന് തകർന്ന പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാറ്റിയെടുത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. സാമഗ്രികൾ കിട്ടുന്ന മുറയ്ക്ക് ജോലികൾ പുന:രാരംഭിക്കുമെന്നും അവർ പറഞ്ഞു. അടിയന്തരമായി ജോലികൾ പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം പറഞ്ഞു.