കട്ടപ്പന: നഗരസഭയിലെ ഭരണ പ്രതിസന്ധി രൂക്ഷമാക്കാൻ കോൺഗ്രസിലെ ഒരു വിഭാഗവും എൽ.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി. ഇതിനെതിരെ 14ന് രാവിലെ 10ന് ബി.ജെ.പി. കൗൺസിലർമാർ നഗരസഭ ആഫീസ് പടിക്കൽ സമരം നടത്തുമെന്ന് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, തങ്കച്ചൻ പുരയിടം, രജിത രമേശ്, നഗരസഭ മണ്ഡലം ജനറൽ സെക്രട്ടറി മനോജ് പതാലിൽ എന്നിവർ അറിയിച്ചു. അടിയന്തരമായി ചേരേണ്ട 7 കൗൺസിൽ യോഗങ്ങളാണ് ഇതുവരെ മാറ്റിയത്. കൗൺസിലിന്റെ അംഗീകാരം ലഭിക്കേണ്ട കുടിവെള്ള പദ്ധതി, റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികൾ മുടങ്ങി. നഗരസഭ ആഫീസ് പരിസരത്തെ റോഡുകൾ പോലും തകർന്നുകിടക്കുകയാണ്.
മുൻ ഭരണസമിതിയുടെ കാലത്ത് പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ മാറി കരാറുകാർക്ക് പണം നൽകിയിട്ടില്ല. ഇവർ നഗരസഭ ഓഫീസിൽ ദിവസവും കയറിയിറങ്ങുന്നു. വാടക ഇനത്തിൽ വലിയ തുക കിട്ടാനുണ്ട്. നഗരസഭ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പും നടത്തിയിട്ടില്ല. ഭരണ പ്രതിസന്ധിക്കിടെ എൽ.ഡി.എഫ് കോൺഗ്രസിലെ ഒരു വിഭാഗവുമായി ചേർന്ന് സ്ഥിതി രൂക്ഷമാക്കാൻ ശ്രമിക്കുന്നു. ഓൺലൈനായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് മെയ് 20ന് എൽ.ഡി.എഫ്. കൗൺസിലർമാർ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ജൂൺ 11ന് യോഗം നടത്താൻ തീരുമാനിച്ച് എല്ലാവർക്കും കത്തും നൽകി. എന്നാൽ അന്നത്തെ കൗൺസിൽ യോഗം മാറ്റിവയ്ക്കണമെന്ന് കാട്ടി എൽ.ഡി.എഫ് 9ന് നോട്ടീസ് നൽകി. പിന്നാലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള 11 യു.ഡി.എഫ്. കൗൺസിലർമാർ യോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് 10നും കത്ത് നൽകി. ഇതോടെ എൽ.ഡി.എഫ്‌യു.ഡി.എഫ്. ബാന്ധവം മറനീക്കിയെന്നും ബി.ജെ.പി. ആരോപിച്ചു. കൊവിഡ് കാലത്തും മറ്റ് പഞ്ചായത്തുകളിൽ കമ്മിറ്റി ചേർന്ന് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു. അതേസമയം നഗരസഭയിൽ ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.