അടിമാലി: ഇന്നലെ അടിമാലിയിലെ ഒരു ഹോട്ടലിലും ഹോം ഡെലിവറി സംവിധാനം പ്രവർത്തിക്കാത്തതിനെ തുടർന്ന് നിരവധിപേർ വലഞ്ഞു. ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, പൊലീസ്, ടൗണുകളിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്നവർ എന്നിവരാണ് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയത്. സർക്കാർ ഉത്തരവിന് വിപരീതമായി പാഴ്‌സൽ നൽകിയാൽ 5,000 രൂപ പിഴ നൽകി വേണ്ടി വരുമെന്നതിനാൽ അടിമാലിയിലെ ഹോട്ടലുകൾ ഒന്നും പ്രവർത്തിച്ചില്ല. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളെ ആശ്രയിച്ചു കഴിയുന്നവരാണ് ബുദ്ധിമുട്ടിലാകുന്നത്.
ഹോംഡെലിവറി സാധ്യമല്ലെന്ന്
ശനി, ഞായർ ദിവസങ്ങളിൽ പാഴ്‌സൽ അനുവദിക്കാതെ ഹോം ഡെലിവറി മാത്രം നടത്തണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ പറ്റുന്നതല്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അടിമാലി യൂണിറ്റ് പ്രസിഡന്റ് എം.എസ്. അജി , സെക്രട്ടറി സി.ആർ സന്തോഷ് എന്നിവർ പറഞ്ഞു. ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന ഒന്നാണിത്. ശനി, ഞായർ ദിവസങ്ങളിലും പാഴ്‌സൽ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.