അടിമാലി: അടിമാലി റേഞ്ച് ആഫീസ് പരിധിയിൽ നിന്ന് തേക്ക് മരത്തിനൊപ്പം ഈട്ടിയും വ്യാപകമായി വെട്ടി കടത്തിയതായി കണ്ടെത്തി. ആനവിരട്ടി, വെള്ളത്തിൽ വില്ലേജുകളിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടി തടികൾ വെട്ടി കടത്തിയത്. കഴിഞ്ഞ ദിവസം അമ്പലമുകളിലെ തടി മില്ലിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ ഈട്ടി തടി അടിമാലി റേഞ്ചിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് മങ്കൂവ മാൻകുത്തിൽ നിന്ന് പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതിന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിൽ ചില വനപാലകരുടെ ഒത്താശയോടെ റവന്യൂ ഭൂമിയിൽ നിന്നിരുന്ന തേക്ക് മുറിച്ചു കടത്തിയതു സംബന്ധിച്ച് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിരുന്നു. മുറിച്ചു കടത്തിയതും മുറിച്ചിട്ടിരിക്കുന്നതുമായി മരങ്ങൾ നിന്നിരുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച് റവന്യൂ അധികൃതരുടെ റിപ്പോർട്ട് ലഭിക്കുന്നതുസരിച്ച് അനന്തര നടപടികൾ ഉണ്ടാകും. ആനവിരട്ടി,​ വെള്ളത്തൂവൽ വില്ലേജുകളിൽ നിന്നാണ് ഒക്ടോബറിലെ വിവാദ ഉത്തരവിന്റെ മറവിൽ വൻ തോതിൽ ഈട്ടി മരം വെട്ടി കടത്തിയത്. ഇതോടൊപ്പം കൂടുതൽ സ്ഥലങ്ങളിൽ നിന്ന് വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോതമംഗലം ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എ. സജി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്‌.