കട്ടപ്പന: ഓൺലൈൻ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ഗൂഢസംഘങ്ങൾ. ഫേസ്ബുക്ക് മെസഞ്ചറിലൂടെ വീഡിയോ കോൾ ചെയ്ത ശേഷം യുവതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി മോർഫ് ചെയ്താണ് പണം തട്ടാൻ ശ്രമിക്കുന്നത്. എഴുകുംവയൽ സ്വദേശിയും ബി.എസ്എൻ.എൽ ജീവനക്കാരനുമായ ഇമ്മാനുവലിനെതിരെയാണ് ഏറ്റവുമൊടുവിൽ ഭീഷണിയുണ്ടായത്. ഇന്നലെ ഫേസ്ബുക്ക് മെസഞ്ചറിൽ ഇമ്മാനുവലിന് വീഡിയോ കോൾ വന്നിരുന്നു. ഇത് അവസാനിച്ചതിന് പിന്നാലെ അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫ് ചെയ്ത് അയച്ചുകൊടുത്ത് 5000 രൂപ പണം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ സുഹൃത്തുക്കൾക്കും വീഡിയോ അയച്ചുകൊടുത്തു. മറ്റുള്ളവർക്ക് അയച്ചുകൊടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ നിരവധി പേരെ കെണിയിൽ പെടുത്താൻ ശ്രമമുണ്ടായി. എന്നാൽ പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേട് ഭയന്ന് ആരും പരാതിപ്പെടാൻ തയാറാകുന്നില്ല. ഹിന്ദി, മറാഠി നാമധാരികളായ പെൺകുട്ടികളുടെ പേരുകളിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് റിക്വസ്റ്റ് വരുന്നത്. സുഹൃത്തുക്കളാക്കി കഴിഞ്ഞാൽ പരിചയപ്പെടാനെന്ന വ്യാജേന മെസഞ്ചർ വഴി സന്ദേശങ്ങൾ അയയ്ക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ യഥേഷ്ടം സന്ദേശങ്ങൾ അയച്ച് മെല്ലെ വാട്‌സ്ആപ്പ് നമ്പർ കൈക്കലാക്കും. പിന്നീടാണ് കെണിയൊരുക്കി കൊണ്ടുള്ള വീഡിയോ കോളുകൾ തുടങ്ങുന്നത്. സ്വകാര്യ ഇടങ്ങളിൽ നിന്ന് സംസാരിക്കാനും ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനുമൊക്കെ ആവശ്യപ്പെടും. എന്നാൽ യുവതികളെന്ന വ്യാജേന മറുതലയ്ക്കലുള്ളവർ കാണിക്കുന്നത് മുൻകൂട്ടി തയാറാക്കിയ മറ്റേതെങ്കിലും യുവതികളുടെ ദൃശ്യങ്ങൾ ലാപ്‌ടോപ്പിലോ മറ്റോ പ്രദർശിപ്പിച്ചാണ്. ഈ കോളുകൾ റെക്കോർഡ് ചെയ്യുന്നു. തുടർന്ന് പണം നൽകിയില്ലെങ്കിൽ ഫേസ്ബുക്കിലെ മറ്റ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്നും അശ്ലീല വെബ്‌സൈറ്റുകളിലും സമൂഹമാദ്ധ്യമങ്ങളിലൂടെയും പുറത്തുവിടുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കട്ടപ്പന സ്വദേശിയെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമമുണ്ടായി. കൊവിഡ് കാലത്ത് ആളുകൾ നവമാദ്ധ്യമങ്ങളിൽ സജീവമായതോടെയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വർദ്ധിച്ചത്.