പൊൻകുന്നം : മലയാളനാടിന്റെ അഭിമാനം വനോളമുയർത്തി ഇംഗ്ലണ്ടിലെ (യു.കെ) ആദ്യ മലയാളി വനിതാപൈലറ്റ് എന്ന അപൂർവബഹുമതി നേടിയിരിക്കുകയാണ് 19കാരിയായ ഐഷി എന്ന ഐശ്വര്യ ബിജു ബാലചന്ദ്രൻ. മലയോര ഗ്രാമമായ കൂട്ടിക്കലിലെ അതിപുരാതന പാരമ്പര്യവൈദ്യകുടുംബമായ ചെമ്പൻകുളത്തെ ഇളയതലമുറക്കാരനായ ബിജുബാലചന്ദ്രന്റേയും രജിതയുടേയും മകളാണ് ഐഷി. അതിരുകളില്ലാത്ത ആകാശത്തിലൂടെ സ്വതന്ത്രമായി വിമാനംപറത്തി യോഗ്യത തെളിയിച്ച ഐശ്വര്യ യു.കെയിലെ പൈലറ്റ് ആകുന്നതിനുള്ള എല്ലാ പരീക്ഷകളിലും വിജയംനേടി. ഇംഗ്ലണ്ടിലെ എൽ.3 ഹാരിസ് എയർലൈൻ അക്കാഡമിയിൽ നിന്നുമാണ് പരിശീലനം നേടിയത്. മാതാപിതാക്കളോടൊപ്പം വളരെ ചെറുപ്പത്തിൽ ഇംഗ്ലണ്ടിലെത്തിയ ഐഷി പഠിച്ചതും അവിടെത്തന്നെ. ചെമ്പൻകുളത്തെ പരേതനായ ഡോ.ബാലചന്ദ്രന്റേയും പ്രസന്നയുടേയും പേരക്കുട്ടിയാണ്. പ്രസന്ന ബാലചന്ദ്രനാണ് കൂട്ടിക്കലിലെ കുടുംബവീട്ടിൽ ഇപ്പോഴുള്ളത്. സഹോദരി ഡോ.അശ്വതി ബിജു ബാലചന്ദ്രനും ലണ്ടനിലാണ്. കൊവിഡ്മൂലമുള്ള നിയന്ത്രണങ്ങൾ നീങ്ങിയാലുടൻ മുത്തശ്ശിയേയും മറ്റ് ബന്ധുക്കളേയും കാണാൻ കുടുംബത്തോടൊപ്പം ഐഷി നാട്ടിലെത്തും. നാടിന്റെ യശ്ശസ് വനോളമുയർത്തിയ കൊച്ചുപൈലറ്റിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.