palam

മുണ്ടക്കയം : കോട്ടയം-ഇടുക്കി ജില്ലകളയും കോരുത്തോട് - പെരുവന്താനം പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന തോപ്പിൽ കടവ് പാലം തകർന്നൊഴുകിയിട്ട് രണ്ടു വർഷമായിട്ടും പുനർനിർമിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. വീണ്ടും ഒരു മഴക്കാലം കൂടി വരവായതോടെ മേഖലയിലെ ജനങ്ങളാകെ ഭീതിയിലാണ്. 2018 ആഗസ്റ്റ് 15 നാണ് കനത്ത മഴയിൽ പാലം തകർന്ന് ഒഴുകിയത്. ഇതോടെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ, കുറ്റിക്കയം പ്രദേശങ്ങളിലെ 450 ഓളം കുടുംബങ്ങൾക്ക് പുറംലോകത്തേയ്ക്കുള്ള യാത്ര മുടങ്ങി. ആശുപത്രി, സ്കൂൾ, പലവ്യഞ്ജന സാധനങ്ങൾ അടക്കമുള്ള സർവകാര്യത്തിനും മൂഴിക്കൽ നിവാസികൾ കോരുത്തോട്, മുണ്ടക്കയം ടൗണുകളിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്. 90 ശതമാനം പട്ടികവർഗ്ഗ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്.

ചങ്ങാടം തന്നെ ആശ്രയം

പാലം തകർന്നതോടെ മൂഴിക്കലിൽ നിന്ന് അക്കര കടക്കാൻ താത്കാലികമായി ചങ്ങാടം നിർമ്മിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം ചങ്ങാടവും തകർന്നു. ഏറെ പ്രതിഷേധത്തിനു ശേഷം ചങ്ങാട യാത്ര താത്കാലികമായി പു:നസ്ഥാപിച്ചിരുന്നു. അഴുതയാറിലെ ജലനിരപ്പ് ഉയർന്നതോടെ ചങ്ങാട യാത്രയും മുടങ്ങി.

ജനപ്രതിനിധികളെ കണ്ടവരുണ്ടോ

രണ്ടു വർഷം മുൻപ് പാലം തകർന്നപ്പോൾ ഓടിയെത്തിയ ജനപ്രതിനിധികൾ പിന്നീട് ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികളുടെ പ്രധാന വാഗ്ദാനവും തോപ്പിൽകടവ് പാലമായിരുന്നു.