എലിക്കുളം: സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഓണിയപ്പുലത്ത് ഇല്ലത്ത് ഒ.എൻ വാസുദേവൻ നമ്പൂതിരിയുടെ നിര്യാണം നാടിന് തീരാനഷ്ടം. ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസിലെ റിട്ട.പ്രഥമാദ്ധ്യാപകനായ ഒ.എൻ വാസുദേവൻ നമ്പൂതിരി വർഷങ്ങളുടെ അദ്ധ്യാപനത്തിലൂടെ നൂറുകണക്കിന് പേർക്ക് വഴികാട്ടിയായിരുന്നു. സൗമ്യമായ വ്യക്തിത്വം, ആധ്യാത്മിക രംഗത്തെ പാണ്ഡിത്യം അതൊക്കെയായിരുന്നു നാട്ടുകാരുടെ ഒ.എൻ.വി.
ഉരുളികുന്നം ക്ഷേത്രത്തോട് ചേർന്ന് എച്ച്.വൈ.എം.എയുടെ സഹകരണത്തോടെ നടത്തിയിരുന്ന സനാതനധർമ്മ ക്ലാസിലൂടെ ഒ.എൻ.വി പുതുതലമുറയിലെ കുട്ടികൾക്ക് ആധ്യാത്മിക പാഠം പകർന്നു നൽകിയിരുന്നു. പൈക കൈരളി ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്നു. മലയാള ബ്രാഹ്മണസമാജം മുൻ ജില്ലാപ്രസിഡന്റായ ഇദ്ദേഹം ആധ്യാത്മിക പ്രഭാഷണ രംഗത്തും ശോഭിച്ചിരുന്നു. താന്ത്രികവിദ്യയിലും പ്രാവീണ്യമുണ്ടായിരുന്നു. പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ മുൻ ഭാരവാഹിയുമാണ്.