vellilamkandam

കട്ടപ്പന: ഏലമലക്കാടുകളിൽ നിന്നു മുറിച്ചുകടത്തി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ച 5 മെട്രിക് ടൺ തടി വനപാലകർ പിടികൂടി. സി.പി.ഐ. മണ്ഡലം സെക്രട്ടറിയും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശി വാങ്ങി സൂക്ഷിച്ച തടിയാണ് വനം വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ചോരക്കാലി, തെള്ളി, വെള്ളപ്പൈൻ തുടങ്ങിയ വൻമരങ്ങളാണ് വെട്ടിക്കടത്തി രണ്ടാഴ്ചയിലധികമായി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത ശേഷം തടികൾക്ക് സത അടിച്ചു. സി.എച്ച്.ആറിൽ നിന്ന് വെട്ടിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മരക്കുറ്റികളും കണ്ടെത്തിയിട്ടുണ്ട്. ഏലമലക്കാടുകളിൽ നിന്ന് മരം മുറിക്കാൻ വിരളമായേ അനുമതി നൽകാറുള്ളൂ. കൂടുതൽ തടി വെട്ടിക്കടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങി.
അതേസമയം തടി വാങ്ങി സൂക്ഷിച്ചതാണെന്ന് വി.ആർ. ശശി വനപാലകരെ അറിയിച്ചിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ഏലയ്ക്ക സ്റ്റോറിലെ ആവശ്യത്തിന് പാസുള്ളവരിൽ നിന്നാണ് തടി വാങ്ങിയത്. ഇതിന്റെ വിലച്ചീട്ടും കൈവശമുണ്ടെന്നും ശശി പറഞ്ഞു.