അടിമാലി: തേക്ക്, ഈട്ടി മരങ്ങൾ വെട്ടി കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ അടിമാലി റേഞ്ച് ഓഫിസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉത്തരമേഖല വിജിലൻസ് സി സി എഫ് ദേവപ്രസാദ്, തിരുവനന്തപുരം ഡി എഫ് ഒ എ. ഷാനവാസ്, കോതമംഗലം ഫ്‌ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനെത്തിയത്. റേഞ്ചിൽ 2020 മാർച്ച് മുതൽ കട്ടിങ് പാസ് നൽകി മുറിച്ച മരങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടുത്ത ദിവസം തന്നെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് സംഘം റിപ്പോർട്ട് സമർപ്പിക്കും.റേഞ്ചിന് പരിധിയിൽ വരുന്ന മങ്കുവയിൽ നിന്ന് റവന്യു പുറമ്പോക്കിൽ നിന്ന് 2 തേക്ക് മരങ്ങൾ മുറിച്ചു മാറ്റിയത് സംബന്ധിച്ചും ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജ് പരിധിയിൽ നിന്ന് ലക്ഷങ്ങളുടെ ഈട്ടി തടി കടത്തിയതു സംബന്ധിച്ചുമാണ് പ്രധാനമായും സംഘം അന്വേഷിച്ചത്. ഇതു കുടാതെ ആണ് കഴിഞ്ഞ ഒരു വർഷം മുൻപു മുതൽ നൽകിയ കട്ടിങ്ങ് പാസുകളുടെ അടിസ്ഥാനത്തിൽ നടന്ന മരം മുറിക്കലും അന്വേഷിക്കുന്നത്‌.