പാലാ: കുളിക്കടവിലെ കാട് നശിക്കാനായി തളിച്ച കളനാശിനി മഴയിൽ ഒലിച്ചിറങ്ങിയതിനെ തുടർന്ന് മീനച്ചിലാറ്റിൽ കുളിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി പരാതി. മീനച്ചിലാറ്റിൽ വാട്ടർ അതോറിറ്റിയുടെ പാലാ പമ്പ് ഹൗസിനു തൊട്ടു മുകൾ ഭാഗത്തുള്ള തോണിക്കടവിലാണ് സംഭവം. അതേസമയം കുടിവെള്ളത്തിൽ കളനാശിനി കലർന്നിട്ടുണ്ടോ എന്ന് പരിശോധന നടത്താതെ വാട്ടർ അതോറിട്ടി ഇന്നലെയും കുടിവെള്ള വിതരണം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് പാലാ നഗരസഭാധികാരികൾ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. കടവിലെ കാട്ടുചെടികൾ കരിയാനാണ് കളനാശിനി തളിച്ചതെങ്കിലും കനത്തമഴയിൽ വിഷാംശങ്ങൾ ആറ്റിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. കടവിൽ കുളിച്ച പലർക്കും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. പാലായിലെ വിവിധ കുളിക്കടവുകൾ കാടുകയറി നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേകര, നഗരസഭാ പരിധിയിലെ പതിറ്റാണ്ടുകളായിട്ടുള്ള എല്ലാ കടവ്കളും സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനു മുമ്പ് തന്നെ സാമൂഹൃ വിരുദ്ധർ തോണിക്കടവിൽ കളനാശിനി തളിച്ച് കുളമാക്കുകയായിരുന്നു.പാലാ നഗരസഭാ 19ാം വാർഡിലാണ് തോണിക്കടവ്. കടവ് ഭാഗം ശുചീകരിക്കാൻ പോവുകയാണെന്ന് ഒരാൾ വിളിച്ചറിയിച്ചിരുന്നൂവെന്നും അവിടെ കളനാശിനി തളിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് ആറ്റിലേക്ക് ഒഴുകാനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്നും വാർഡ് കൗൺസിലർ മായാ രാഹുൽ പറഞ്ഞു.
അതേസമയം ജലമേഖലകളിൽ കളനാശിനി തളിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത് സംബന്ധിച്ച് ഇന്ന് അന്വേഷിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പാലാ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ പറയുന്നു. കളനാശിനി തളിച്ചു എന്ന് അറിവുകിട്ടിയെങ്കിലും ആരാണീ കടുംകൈ ചെയ്തത് എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം ഒതുക്കിത്തീർക്കാൻ നഗരസഭാ ഭരണപക്ഷത്തെ തന്നെ ചിലർ തിരക്കിട്ട് നീക്കം നടത്തുന്നതായും സൂചനയുണ്ട്.
പ്രതിഷേധ സമരം
കളനാശിനി തളിച്ച സാമൂഹൃ ദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചും ഇന്ന് 12ന് നഗരസഭാ ചെയർമാനു മുന്നിൽ പ്രതീകാത്മക സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പറഞ്ഞു .